നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ അടിപതറിയ മമതയ്‌ക്ക് ഭബാനിപൂരിൽ നിന്ന് വിജയിച്ച് കയറാനാകുമോ ? 2021 സെപ്തംബർ 30 മമതാ ബാനർജിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ നിർണായകമാണ്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഭബാനിപൂരിലെ വിജയം അനിവാര്യം. മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറാനായി പതിനെട്ടടവും പയറ്റുകയാണ് മമത. അടുത്തമാസം നടക്കാനിരിക്കുന്ന ദുർഗാ പൂജയും രാഷ്‌ട്രീയ നേട്ടമാക്കാനുള്ള ശ്രമത്തിലാണവർ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താത്തത് മമതയെ കരകയറ്റാനുള്ള മറ്റൊരുരാഷ്‌ട്രീയ തന്ത്രം.അഡ്വക്കേറ്റ് പ്രിയങ്ക ടിബ്രേവാളിനെയാണ് ബിജെപി മമതയ്‌ക്കെതിരെ മത്സരിപ്പിക്കുന്നത്. ബിജെപി ഉയർത്തുന്ന കടുത്ത പോരാട്ടം അതിജീവിക്കാൻ ദീദിക്ക് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.
നന്ദി ഗ്രാം കൈവിട്ടതോടെ ഭബാനിപൂർ മണ്ഡലമാണ് ജനവിധി തേടാൻ ഇക്കുറി മമത തെരഞ്ഞെടുത്തിരിക്കുന്നത്. 2011 ലും 2016 ലും ഈ മണ്ഡലത്തിലുണ്ടായ ജയം മമതയുടെ തീരുമാനത്തിന് ആത്മവിശ്വാസമേകുന്നു. ഭബാനിപൂരിൽ നിന്നും വിജയിച്ച ശോഭൻദേബ് ചട്ടോപാദ്ധ്യായ മമതയ്‌ക്കായി സ്ഥാനം ഒഴിഞ്ഞതും ഈ ധൈര്യത്തിലാണ്.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കാണ് മമത പരാജയം നുണഞ്ഞത്. എന്നാൽ അധികാരം കൈവിടാൻ വിസമ്മതിച്ച ഇവർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. ഒരു എംഎൽഎ പോലുമല്ലാത്ത മമത ഇന്ന് സംസ്ഥാനം ഭരിക്കുന്നത് ജനങ്ങളുടെയല്ല മറിച്ച് തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ്. നന്ദിഗ്രാമിൽ ജനങ്ങൾ തിരസ്‌കരിച്ച മമതയെ ഭബാനിപൂരിലെ ജനങ്ങൾ ഏറ്റെടുത്തില്ലെങ്കിലും ഏത് വിധേനയും വിജയിപ്പിക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ നേതൃത്വം. ഇതിനായി കോൺഗ്രസുമായി ചേർന്നുള്ള ഒത്തുകളിക്കും തൃണമൂൽ കോൺഗ്രസ് തയ്യാറാകുന്നു.
ഭബാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ബിജെപിയുമായുള്ള ഏറ്റുമുട്ടലിൽ വിജയിക്കുക അസാദ്ധ്യമാണെന്ന് കോൺഗ്രസിന് നന്നായറിയാം. പാർട്ടി വോട്ടുകൾ വോട്ടുകൾ മമതയ്‌ക്കിരിക്കട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇതെല്ലാം മമതയെ തുണയ്‌ക്കുമോയെന്നത് കണ്ടറിയണം. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അഴിച്ചുവിട്ട തൃണമൂൽ അക്രമങ്ങളുടെ നടുക്കുന്ന ഓർമ്മകളിൽ നിന്നും ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല.
സംഭവത്തിൽ മുഖം നഷ്ടമായ തൃണമൂൽ കോൺഗ്രസും മമതയും ഭബാനിപൂരിൽ ഒരൽപ്പം വിയർക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഒഴിവാക്കാൻ താഴെതട്ടിൽ നിന്നും ഊർജ്ജിത പ്രവർത്തനങ്ങളും പാർട്ടി നടത്തുന്നുണ്ട്. ഇതെല്ലാം മമതയെ തുണയ്‌ക്കുമോയെന്ന് ഒക്ടോബർ നാലിലെ ഫലപ്രഖ്യാപനത്തിൽ അറിയാം.















Comments