ലക്‌നൗ: രാജ്യമെമ്പാടും ഗണേശോത്സവം ആഘോഷിക്കുകയാണ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. എല്ലാ വർഷത്തെയും പോലെ വിഗ്രഹങ്ങളിൽ പുതുമ സൃഷ്ടിയ്‌ക്കുകയാണ് നിർമ്മാതാക്കൾ. ഉണ്ണി ഗണപതിയെ തോളിലേറ്റിയ പ്രധാനമന്ത്രിയുടെ വിഗ്രഹങ്ങളാണ് ഇക്കുറി ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ ആഗ്രയിലുള്ള വിഗ്രഹ നിർമ്മാതാക്കളാണ് ഈ സൃഷ്ടിയുടെ പിന്നിൽ.
പ്രധാനമന്ത്രിയുടെ വിഗ്രഹങ്ങൾക്ക് പുറമെ, ഹോക്കി സ്റ്റിക് കൈയിലേന്തിയ ഗണേശവിഗ്രഹങ്ങളും വിപണിയിൽ ഇടം നേടിയിട്ടുണ്ട്. 41 വർഷത്തിനുശേഷം ഹോക്കിയിൽ ഒളിംപിക് മെഡൽ കരസ്ഥമാക്കിയ താരങ്ങൾക്കുള്ള ആദരവായാണ് ഈ വിഗ്രഹങ്ങൾ.
ഗണേശോത്സവത്തിനു മുന്നോടിയായി രാജ്യത്തെ ജനങ്ങൾ ഗണേശ വിഗ്രഹങ്ങൾ വാങ്ങുക പതിവാണ്. വ്യത്യസ്തത ആഗ്രഹിക്കുന്ന ജനങ്ങൾക്കായി ഓരോ വർഷവും അതരത്തിലുള്ള വിഗ്രഹങ്ങൾ വിപണിയിലെത്തിക്കാൻ നിർമ്മാതാക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വർഷം വിഗ്രഹ നിർമ്മാണവും ക്ഷേത്രാലങ്കാരവും നടത്തിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ശോഭായാത്രക്കൾക്കും, ക്ഷേത്ര ദർശനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാലും, ജനങ്ങൾക്ക് ഗണേശ വിഗ്രഹങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കൊറോണ വ്യാപനം കുറഞ്ഞ പ്രദേശങ്ങളിലെ വിഗ്രഹ നിർമ്മാതാക്കളും വ്യാപാരികളും വളരെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ വരവേറ്റത്.
Comments