തിരുവനന്തപുരം : ജനങ്ങൾക്ക് മേൽ കുതിര കയറുന്ന ഒരു കൂട്ടം പോലീസുകാരെ മര്യാദക്കാരാക്കാൻ ജനകീയ നിരീക്ഷണമെന്ന ആശയവുമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇതിന്റെ ഭാഗമായി അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ അനിൽ കാന്ത് നിർദ്ദേശം നൽകി. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചാലോ, മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നാലോ ഉടൻ നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.
ഇരകൾക്കും സാക്ഷികൾക്കും ഇത്തരത്തിൽ ഇടപെടാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുഴുവൻ സേനയ്‌ക്കും സംസ്ഥാന സർക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മേധാവിയുടെ പുതിയ നീക്കം. പോലീസുകാർക്കെതിരെ പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടുത്തിടെ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തെറ്റുതിരുത്തൽ പ്രക്രിയയ്‌ക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ഒന്നും ഫലം കാണാതിരുന്നതിനെ തുടർന്നാണ് ഉടൻ നടപടിയെടുക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ദിവസം എടാ, എടീ വിളികൾ വേണ്ടെന്ന് വ്യക്തമാക്കി പോലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു നടപടി.
















Comments