ബെംഗളൂരു: കൊട്ടാരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് മൈസൂർ. ദസറ ഉത്സവ സമയത്താണ് നഗരത്തെ അതിന്റെ എല്ലാ വിധ സൗന്ദര്യത്തിലും കാണുവാൻ സാധിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദീപങ്ങൾകൊണ്ടാണ് നഗരത്തെ ഒരുക്കുക. എന്നാൽ കൊറോണ മഹാമാരിയെ തുടർന്ന് ഇത്തരത്തിലുള്ള വലിയ ആഘോഷങ്ങൾക്ക് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ഈ വർഷം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ കർണാടക സർക്കാർ ചർച്ച ചെയ്തതായി സഹകരണ മന്ത്രി എസ് ടി സോമശേഖർ ഗൗഡ പറഞ്ഞു.
കഴിഞ്ഞ വർഷം 300 പേരെ മാത്രമാണ് സാംസ്‌കാരിക പരിപാടികൾക്കായി അനുവദിച്ചിരുന്നത്. എന്നാൽ ഈ വർഷം ആയിരത്തോളം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി ഗൗഡ അറിയിച്ചു.
സെപ്റ്റംബർ 25 വരെയുള്ള കൊറോണ വ്യാപനത്തിന്റെ സാഹചര്യം സർക്കാർ അവലോകനം ചെയ്യും. ഈ വർഷം ആഘോഷത്തിൽ എത്ര പേരെ അനുവദിക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്തിമ തീരുമാനമെടുക്കും.
വാക്‌സിൻ സ്വീകരിക്കാത്ത എല്ലാവർക്കും ഉത്സവത്തിന്റെ ഭാഗമായി വാക്‌സിൻ നൽകും. കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബർ 7 മുതൽ 15 വരെയാണ് ഈ വർഷത്തെ മൈസൂർ ദസറ ആഘോഷങ്ങൾ.
















Comments