പോംഗ്‌യാംഗ് :ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകളാണ് രാജ്യം പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് മാസങ്ങൾക്ക ശേഷമാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.
കഴിഞ്ഞ രണ്ടു വർഷമായി ദീർഘദൂര ക്രൂയിസ് മിസൈൽ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഉത്തര കൊറിയ.
അതേസമയം മിസൈലുകൾ 1500 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനത്തെത്തി പരീക്ഷണത്തിൽ വിജയിച്ചെന്ന് ഉത്തരകൊറിയയിലെ പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ പ്രാധാന്യമുള്ള തന്ത്രപരമായ ആയുധം എന്നാണ് പുതിയ മിസൈലുകളെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിൽ നടന്ന വർക്കേഴ്‌സ് പാർട്ടി കോൺഗ്രസിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോംഗ് ഉൻ പറഞ്ഞിരുന്നു.യുഎസ് ഉത്തരകൊറിയക്കുമേൽ നടത്തുന്ന ഉപരോധങ്ങൾക്കും സമർദ്ദങ്ങൾക്കും മറുപടിയായിട്ടാണ് പുതിയ പരീക്ഷണം നടത്തിയത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധത്തിലെ വിള്ളലിൽ പരിഹാരം കാണുന്നതിനായിട്ടാണ് പുതിയ പരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറായതെന്നും അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്.
അതേസമയം. മിസൈൽ പരീക്ഷണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ ഉത്തരകൊറിയൻ ഭരണകൂടം തയ്യാറായില്ല. കൊറോണ മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർനങ്ങളുടെ ഭാഗമായി മാസങ്ങളോളം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ പുന:രാരംഭിച്ചത് ഏറെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്.
















Comments