അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഗവർണർ ആചാര്യ ദേവരഥ് സത്യവാചകം ചൊല്ലക്കൊടുത്തു. 59കാരനായ ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ 17-ാമത്തെ മുഖ്യമന്ത്രിയാണ്. ഇന്നലെയാണ് നിയമസഭാ കക്ഷിയോഗം വിജയ് രൂപാണിയുടെ പിൻഗാമിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്. ഇന്ന് ഉച്ചയ്‌ക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, പ്രമേദ് വാസന്ത്, ബസവരാജ് ബൊമ്മെ എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂപേന്ദ്ര പട്ടേലിന് ആശംസയുമായി എത്തി. ഭൂപേന്ദ്ര പട്ടേലിനെ വർഷങ്ങളായി അറിയാം. ഭരണപരമായ മികവിലും സഹകരണ മേഖലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധനേടിയിട്ടുണ്ട്. ഗുജറാത്തിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ ഭൂപേന്ദ്ര പട്ടേലിന് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയ്‌ക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച ആളായിരുന്നു വിജയ് രൂപാണിയെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ഇനിയും അദ്ദേഹം ജന സേവനത്തിൽ മുൻപന്തിയിലുണ്ടായിരിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.
Comments