തലകീഴായി കെട്ടിത്തൂക്കി ഹെലികോപ്ടറിൽ കൊണ്ടുപോകുന്ന കാണ്ടാമൃഗങ്ങൾ. ഒരു കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറ്റവും ചർച്ചയായ ദൃശ്യമായിരുന്നു ഇത്. വലിയ രീതിയിലെ വിമർശനമാണ് ചിത്രം ഏറ്റുവാങ്ങിയത്. എന്നാലിപ്പോഴിതാ കാലിൽ കെട്ടിത്തൂക്കിയ കണ്ടാമൃഗ ഗവേഷണത്തിന് ഇത്തവണത്തെ ഐജി നൊബേൽ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.
ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്ത കണ്ടുപിടിത്തങ്ങൾക്ക് നൽകുന്ന പുരസ്‌കാരമാണ് ഐജി നൊബേൽ പുരസ്‌കാരം കോർണൽ സർവകലാശാലയിലെ വന്യജീവി മൃഗഡോക്ടർ റോബിൻ റാഡ്ക്ലിഫും സഹപ്രവർത്തകരും നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു ഈ തൂക്കിക്കൊണ്ടു പോകൽ. ഹെലികോപ്റ്ററിൽ തലകീഴായി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന മൃഗങ്ങളുടെ ആരോഗ്യം അപകടത്തിലാകുമോ എന്നറിയാൻ ആയിരുന്നു പഠനം.
നമീബിയയിലാണ് റാഡ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പഠനം നടത്തിയത്. ‘കാണ്ടാമൃഗങ്ങളെ ഹെലികോപ്റ്ററിൽ കെട്ടിത്തൂക്കി കൊണ്ടുപോകുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമല്ല നമീബിയ, എന്നാൽ നമീബിയ ആണ് ഈ രീതി ശരിയാണോ എന്ന് പരിശോധിക്കാൻ പഠനം നടത്താൻ തയ്യാറായ ആദ്യ രാജ്യം’, റോബിൻ റാഡ്ക്ലിഫ് പറയുന്നു. ഈ കെട്ടിത്തൂക്കൽ രീതി വന്യജീവികളുടെ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ പലയിടത്തും കാണാം. കാലിൽ കെട്ടിയ സ്ട്രാപ്പിന്റെ ബുദ്ധിമുട്ട് മാത്രമേ ബാധിക്കുന്നുള്ളുവെന്നും ശരീരത്തിലേക്കുള്ള രക്തപ്രവാഹം കൃത്യമായി രീതിയിൽ നടക്കുന്നുവെന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.
ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളാണ് കാണ്ടാമൃഗങ്ങൾ. ഇവയെ വേട്ടയാടുന്നതിൽ നിന്നും രക്ഷപെടുത്തുന്നതിനായാണ് മൃഗസംരക്ഷകർ ഇങ്ങനെ ചെയ്തത്. തലകീഴായി തൂക്കി വിമാനമാർഗ്ഗം മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് പതിവ്. ചിത്രം അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും കാണ്ടാമൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് ഇത്തരത്തിൽ തലകീഴായുള്ള ലിഫ്റ്റിങ് എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഇവയെ വലിയ ട്രക്കുകളിൽ കയറ്റിയായിരുന്നു മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നത്.
എന്നാൽ ചില വിദൂര സ്ഥലങ്ങളിൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. അതിനാലാണ് വിമാനമാർഗ്ഗമുള്ള പുതിയ രീതി പരീക്ഷിച്ചത്. സ്ട്രെച്ചറിൽ കിടത്തി ട്രക്കുകളിൽ കൊണ്ടുപോകുന്നതിനേക്കാൾ വളരെ എളുപ്പമുള്ള മാർഗ്ഗമാണിതെന്ന് പഠനം അവകാശപ്പെടുന്നു. വിമാനമാർഗം മറ്റൊരിടത്തേയ്‌ക്ക് മാറ്റുന്നതിന് മുൻപ് അനസ്തേഷ്യ നൽകുകയും വായ മൂടിക്കെട്ടുകയും ചെയ്യും.
തലകീഴായി കിടത്തുന്നത് കാണ്ടാമൃഗത്തിന് ദോഷമാണെന്ന തരത്തിലും പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് പഠനം നടത്താൻ നമീബിയൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കോർണൽ സർവകലാശാലയിലെ വന്യജീവി മൃഗഡോക്ടർ റോബിൻ റാഡ്ക്ലിഫും സഹപ്രവർത്തകരും വിദഗ്ധ പഠനം നടക്കുകയായിരുന്നു.
പഠനത്തിൽ ഇത്തരത്തിലുള്ള ലിഫ്റ്റിംഗ് കാണ്ടാമൃഗങ്ങൾക്ക് ഒട്ടും തന്നെ ദോഷകരമല്ലെന്ന് കണ്ടെത്തി. തലകീഴായി കിടക്കുമ്പോൾ കാണ്ടാമൃഗത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കൂടുതലായിരിക്കും. ഇത് ഇവയുടെ രക്തയോട്ടം സുഗമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തലകീഴായ സ്ഥാനം നട്ടെല്ല് വലിച്ചുനീട്ടാൻ സഹായിക്കുന്നു കൂടാതെ ഇത് വായുമാർഗങ്ങൾ തുറക്കാൻ സഹായിക്കുന്നു.
നമീബിയ, ദക്ഷിണാഫ്രിക്ക, കെനിയ, സിംബാംബ്‌വെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത്. എന്നാലിപ്പോൾ ഇവിടെയുള്ളവയും വംശനാശ ഭീഷണി നേരിടുകയാണ്. അതിനാലാണ് വേട്ടയാടലിൽ നിന്നും കാണ്ടാമൃഗങ്ങളെ രക്ഷിക്കാനായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. അവാർഡ് ദാനം സാധാരണയായി യു.എസിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വെച്ചാണ് നടക്കുന്നത് എന്നാൽ കൊറോണ പ്രതിസന്ധി കാരണം ഓൺലൈനായാണ് ചടങ്ങ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.















Comments