മുംബൈ : കർവാൻ ഇ മൊഹബത്ത് ആക്ടിവിസ്റ്റും, മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദറിന്റെ വസതിയിലും ഓഫീസിലും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഡൽഹിയിലെ മൂന്നിടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.
ഒൻപത് മാസത്തേക്കുള്ള ഫെലോഷിപ്പ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മന്ദറും ഭാര്യയും ജർമ്മനിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിർണായക നീക്കം. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച്, അദ്ചിനി, മെഹ്‌റൗലി എന്നിവടങ്ങളിലായിരുന്നു പരിശോധന.
സർക്കാർ ഇതര സംഘടനയായ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് മന്ദറിന് എതിരായ കേസ്. ഇതിൽ ഫെബ്രുവരിയിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചത്. സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടർ ആയിരുന്നു മന്ദർ.
ചുമതലയിലിരിക്കേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ നിരവധി വിദേശരാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് മന്ദർ കൈപറ്റിയത്. ഈ തുക മന്ദറും കൂട്ടാളികളും നിർബന്ധിത മതപരിവർത്തനമുൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംഘടനയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ദേശീയ ബാലാവകാശ കമ്മീഷൻ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഘടനയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയത്.
Comments