വാഷിംങടൺ: 14 വർഷത്തോളളമായി അമ്മയും മകളും തമ്മിൽ കണ്ടിട്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷമുളള ഈ കൂടിച്ചേരലിന് വഴിതെളിച്ചത് ഫേസ്ബുക്ക്. തിങ്കളാഴ്ചയാണ് ടെക്‌സസിൽ വച്ച് അമ്മയും മകളും കണ്ടുമുട്ടിയത്. ജാക്വലിൻ ഹെർണാണ്ടസ് എന്ന 19 കാരിയാണ് അമ്മയായ വെൻസസ് സൾഗാഡോയെ തേടി എത്തിയത്.
ഫ്‌ലോറിഡയിലെ ക്ലെർമോണ്ട് സ്വദേശിയായ ഹെർണാണ്ടസിനെ 2007 ഡിസംബർ 22 -നാണ് അച്ഛൻ തട്ടിക്കൊണ്ടുപോയത. അന്ന് ഹെർണാണ്ടസിന് ആറ് വയസായിരുന്നു. തട്ടികൊണ്ടു പോയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഹെർണാണ്ടസിനെ കണ്ടെത്താനായില്ല. അച്ഛൻ മകളെയും കൊണ്ട് മെകസിക്കോയിലേക്കാണ് പോയതെന്നാണ് കരുതപ്പെട്ടിരുന്നത്.
സെപ്തംബർ 2 ന് തന്റെ മകളെന്ന് പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടതായി സൾഗാഡോ പറഞ്ഞു. താൻ മെക്സിക്കോയിലാണെന്നും പെൺകുട്ടി പറഞ്ഞു. തുടർന്നാണ് കൂടിക്കാഴ്ചയ്‌ക്ക് അവസരം ഒരുങ്ങിയത്. സംഭവം സൾഗാഡോ ക്ലെർമോണ്ട് പോലീസിനെയും അറിയിച്ചു.
ഇരുവരും കണ്ടുമുട്ടിയ സമയത്ത് പോലീസ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.പെൺകുട്ടി ശരിക്കും ഹെർണാണ്ടസാണെന്നും പോലീസ് ഉറപ്പിച്ചിരുന്നു.
പെൺകുട്ടിയെ എന്തിനാണ് തട്ടികൊണ്ട് പോയതെന്നോ, കടത്തികൊണ്ട് പോയ അച്ഛൻ ഇപ്പോൾ എവിടെയാണെന്നോ അറിയില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments