ഗാന്ധിനഗർ: അനാവശ്യമായി ഭക്ഷണം പാഴാക്കുക എന്നത് ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. ഭൂമിയിൽ നിരവധി ആളുകളാണ് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്നത്. ഇതിനെതിരേ ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുമുള്ള സോണി എന്ന യുവതി. രാജ്യം ഗണേശോത്സവം ആഘോഷിക്കുന്ന വേളയിൽ ഭക്ഷണ പൊതികൾകൊണ്ട് ഗണേശ വിഗ്രഹത്തെ അലങ്കരിച്ചാണ് സോണി ബോധവത്കരണം നടത്തുന്നത്. സ്വന്തം ജീവതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സോണി ഈ ആശയവുമായി മുന്നോട്ടു വന്നത്.
ശിവലിംഗത്തിൽ ഇരിക്കുന്ന ഗണപതി രൂപമാണ് യുവതി ഭക്ഷണ പൊതികൾ ഉപയോഗിച്ച് തയ്യാറാക്കിയത്. 1,008 ബിസ്‌ക്കറ്റ് പാക്കറ്റുകളും 850 രുദ്രാക്ഷങ്ങളും ഉപയോഗിച്ചുള്ള സൃഷ്ടിക്ക് 5-അടി ഉയരമാണുള്ളത്. ഗണേശോത്സവത്തിന്റെ അവസാന ദിനം വിഗ്രഹങ്ങൾ നിമജ്ഞനം ചെയ്യുന്ന വേളയിൽ ഭക്ഷണ പൊതികൾ പാവപ്പെട്ട കുട്ടികൾക്ക് നൽകുമെന്ന് സോണി പറഞ്ഞു.
വീടുകളിൽ ഉത്സവങ്ങളുടെ ഭാഗമായി അനേകം ഭക്ഷണപദാർത്ഥങ്ങളാണ് പാഴാക്കുന്നത്. ലോകത്തെ മിക്ക വീടുകളിലെയും സ്ഥിതി ഇതാണ്. മൂന്നിൽ ഒരു ശതമാനം ഭക്ഷണവും പാഴാക്കപ്പെടുന്നു. ഭക്ഷണം എന്നാൽ ഒരു പാഴ് വസ്തു അല്ല. നമ്മൾ ബഹുമാനിക്കുന്നില്ലെങ്കിലും അന്നത്തെ ദൈവമായി കണക്കാക്കുന്ന ജനതയുണ്ടെന്ന് സോണി അഭിപ്രായപ്പെട്ടു.
വിശപ്പിനെതിരേ പോരാടുന്ന ജനങ്ങളുടെ ദുരവസ്ഥയെ കുറിച്ചുള്ള ബാനറുകൾ തയ്യാറാക്കി അത് ഉപയോഗിച്ചാണ് സോണി വിഗ്രഹം അലങ്കരിച്ചത്. കൂടാതെ ആഘോഷ വേദികളിൽ ബാക്കിയാകുന്ന ഭക്ഷണം ആവശ്യമുള്ളവരിലേക്കെത്തിക്കുന്ന ബറോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയെ സോണി അഭിനന്ദിച്ചു.
Comments