അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാര രാഷ്‌ട്രീയത്തിന്റെ പടവുകൾ കയറുന്നതിന് മുൻപ് ആരായിരുന്നു നരേന്ദ്ര മോദി ? എവിയെയായിരുന്നു അദ്ദേഹം ?
ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ പെട്ട വഡ്‌നഗറിൽ 1950 സെപ്റ്റംബർ 17നാണ് ജനനം. ദാമോദർദാസ് മോദിക്കും ഹീരബെന്നിനും പിറന്ന മൂന്നാമത്തെ കുഞ്ഞാണ് നരേന്ദ്രൻ. ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു അവരുടേത്.
ബാല്യത്തിൽ തന്നെ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ വായിക്കുകയും ആത്മീയതയിലേയ്‌ക്ക് ആകൃഷ്ടനാവുകയും ചെയ്തു. ഇന്ത്യയെ അറിയുന്നതിനായി 17-ാം വയസ്സിൽ വീടു വിട്ടിറങ്ങി. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂർത്തിയാകാൻ രണ്ടു വർഷമെടുത്തു. ഇക്കാലയളവിനിടയിൽ ഭാരതം മുഴുവൻ പര്യടനം നടത്തി. തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തിൽ എന്തു നേടണമെന്ന നിശ്ചയദാർഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു മോദി.
്അഹമ്മദാബാദിലെത്തി രാഷ്‌ട്രീയ സ്വയം സേവക് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി. സ്വാമി വിവേകാനന്ദന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്നതിന് അനുയോജ്യമായ പ്രസ്ഥാനം ആർഎസ്എസാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു സ്വയം സേവകനാവാനുള്ള തീരുമാനം. 1972 ൽ ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി.
അടിച്ചമർത്തപ്പെട്ട ജനാധിപത്യ അവകാശങ്ങൾ പുന:സ്ഥാപിക്കാനായി അടിയന്തിരാവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. 1980 കളിൽ സംഘത്തിന്റെ ജില്ലാ, വിഭാഗ് തല ചുമതലകൾ വഹിച്ചിരുന്നു. 1988 ൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. തുടർന്ന് നടന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഗുജറാത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1990 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തി ജനതാദളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു. ബിജെപി ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലെത്തിയ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയായിരുന്നു പാർട്ടിയുടെ സംഘടനാ സംവിധാനം ചലിപ്പിച്ചിരുന്നത്. രാമജന്മഭൂമി പ്രക്ഷോഭത്തിലെ നാഴിക കല്ലായ ശ്രീരാമ രഥയാത്രയിൽ ലാൽ കൃഷ്ണ അഡ്വാനിക്കൊപ്പം സംഘടനയെ ചലിപ്പിക്കാനും മോദിയുണ്ടായിരുന്നു.
1995 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സംഘാടനാ പാടവം വീണ്ടും തെളിയിച്ചുകൊണ്ട് 121 സീറ്റുകൾ നേടി ഒറ്റയ്‌ക്ക് അധികാരത്തിലെത്തുകയും മുതിർന്ന നേതാവ് കേശുബായ് പട്ടേൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതിനുള്ള അംഗീകാരമായി ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായ മോദി 1998 വരെ സ്ഥാനത്ത് തുടർന്നു.
1998 മെയ് 19 മുതൽ ഗുജറാത്ത് മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കുന്നതുവരെ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ തുടർന്നു. നരേന്ദ്ര മോദി ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ആദ്യമായി ബിജെപി സഖ്യം അടൽബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഭരണത്തിലേറുന്നത്.
ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 ഒക്ടോബർ 7 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. അങ്ങിനെ സംഘടന ചുമതലകളിൽ നിന്നും അധികാര രാഷ്‌ട്രീയത്തിലേയ്‌ക്ക് നിയോഗിക്കപ്പെട്ടു. മോദിയെ ഒരു സ്ഥാനത്തേക്കും നൂലിൽ കെട്ടിയിറക്കിയതല്ല. ബിജെപിയെ ഗുജറാത്തിലും മറ്റു പലഭാഗങ്ങളിലും വളർത്തിയതിന് നൽകിയ അംഗീകാരമായിരുന്നു സ്ഥാനമാനങ്ങൾ.
Comments