ന്യൂഡൽഹി: രാജ്യത്ത് ‘റോക്കറ്റ് ഫോഴ്സ്’ നിർമ്മിക്കുവാനുള്ള ആശയം പുരോഗമിക്കുകയാണെന്ന് പ്രതിരോധ മേധാവി (സിഡിഎസ്) ബിപിൻ റാവത്ത് .ഇന്ത്യയുടെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിക്കവെ ആണ് ബിപിൻ റാവത്തിന്റെ പ്രസ്താവന.
താലിബാൻ അധികാരമേറ്റ ശേഷം അഫ്ഗാനിസ്താനിലെ സ്ഥിതി കൂടുതൽ വഷളായി. ചൈനയും പാകിസ്താനും അഫ്ഗാനിലെ താലിബാൻ സർക്കാരുമായി കൂടുതൽ അടുക്കുകയാണ്. ഇന്ത്യൻ സൈന്യം ഇക്കാര്യത്തിൽ പൂർണ ജാഗ്രതയിലാണെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു. സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായി ചേർന്ന് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ നിഴൽയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമം നടത്തുന്നു. നേരിട്ടുള്ള ആക്രമണമോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണമോ ഏതുമാകട്ടെ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ നമ്മൾ തയ്യാറായിരിക്കണമെന്നും, ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ ഈ തയ്യാറെടുപ്പ് നടത്താൻ കഴിയൂ എന്നും ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ വ്യോമശക്തി ശക്തിപ്പെടുത്തുന്നതിനായി ഒരു റോക്കറ്റ് ഫോഴ്സ് തയ്യാറാക്കാൻ ശ്രമിക്കുകയാണെന്നും ബിപിൻ റാവത്ത് സൂചന നൽകി. എന്നാൽ പദ്ധതി സംബന്ധിച്ച വിശദവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യക്കെതിരായ ഭീകര നീക്കങ്ങൾ ഉണ്ടായാൽ അത് കർശനമായി കൈകാര്യം ചെയ്യുമെന്ന് നേരത്തെ ബിപിൻ റാവത്ത് പറഞ്ഞിരുന്നു. തീവ്രവാദത്തിനെതിരായ ആഗോള യുദ്ധത്തിൽ ‘ക്വാഡ് രാഷ്‌ട്രങ്ങൾ’ സഹകരണം ശക്തിപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നും ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. അഫ്ഗാനിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട് വരുന്ന സാഹചര്യത്തിലാണ് ബിപിൻ റാവത്തിന്റെ പ്രസ്താവന.
Comments