മുംബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ബോളിവുഡ് താരം സോനു സൂദ് നടത്തിയത് വൻ തട്ടിപ്പ്. സോനു സൂദിന്റെ വീട്ടിലും ഓഫീസിലും ഐടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. വിദേശ വിനിമയ ചട്ടം ലംഘിച്ച് നടത്തിയ ക്രൗഡ് ഫണ്ടിങ് വഴി 19 കോടിയോളം സമ്പാദിച്ചു. ഇതിൽ 1.9 കോടി രൂപ മാത്രമാണ് ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്.
വിവിധ പ്രവൃത്തികളുടെ പേരിൽ 65 കോടിയുടെ വ്യാജ ബില്ല് സൃഷ്ടിച്ചതായും കണ്ടെത്തി. നിർമാണ കമ്പനിയുമായി സംശയാസ്പദമായ 175 കോടിയുടെ ഇടപാട് നടത്തിയതായും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് പരിശോധന നടന്നത്. സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തതെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
മുംബൈയിലും ലഖ്‌നൗവിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഓഫീസുകളിലും താരവുമായി ബന്ധമുള്ള ലഖ്‌നൗവിലെ കമ്പനിയിലുമായിരുന്നു പരിശോധന.
കൊറോണക്കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു. 2012ലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു.
Comments