ന്യൂഡൽഹി: ദേശീയ കൊറോണ വാക്‌സിനേഷൻ ദൗത്യത്തിൽ സെപ്തംബറിൽ കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏകദേശം 23.5 കോടി ഡോസുകൾ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റിൽ 19 കോടി വാക്‌സിനാണ് നൽകിയത്.ഇതനുസരിച്ച് 4.5 കോടി അധിക ഡോസുകൾ ഈ മാസം നൽകാനായേക്കും.
20 കോടി ഡോസ് കോവിഷീൽഡും 3.5 കോടി ഡോസ് കോവാക്‌സിനും വിതരണം ചെയ്യാനാകുമെന്നാണ് നിലവിലെ നിഗമനം.വാക്‌സിന്റെ ഉത്പാദനം വർദ്ധിക്കുകയും വരും മാസങ്ങളിൽ പുതിയ വാക്‌സിനുകൾ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ദിവസേനയുള്ള വാക്‌സിനേഷനിൽ ഗണ്യമായ വർദ്ധനവുണ്ട്. ഇന്ത്യയിൽ മൊത്തതിൽ വാക്‌സിനേഷൻ 80 കോടിയാണ് മറികടന്നത്. 10 കോടി ഡോസുകളാണ് വെറും 11 ദിവസത്തിനുള്ളിൽ നൽകിയത്.
കേന്ദ്രത്തിന്റെയും നിരവധി സംസ്ഥാന സർക്കാരുകളുടെയും വർദ്ധിച്ച വാക്‌സിൻ വിതരണവും തീവ്രമായ പരിശ്രമവും കഴിഞ്ഞ ആഴ്ചകളിൽ വാക്‌സിനേഷനിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. ഒക്ടോബറോടെ 18 വയസ്സിനു മുകളിൽ പ്രായമുളള 80 ശതമാനം പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
















Comments