ശ്രീനഗർ : അഫ്ഗാനിലെ താലിബാൻ വിഷയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ബിജെപി ഭരണം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ജമ്മു കശ്മീരിനെ നശിപ്പിച്ചുവെന്നും മെഹബൂബ ആരോപിച്ചു.
താലിബാൻ, അഫ്ഗാൻ, പാകിസ്താൻ വിഷയങ്ങൾ ബിജെപി വോട്ടുകൾ നേടാനായി പ്രയോജനപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് മുൻപിൽ പാർട്ടി അഫ്ഗാനെയും താലിബാനെയും പിടിച്ചിടും. ഇത് കൊണ്ട് ഫലം കണ്ടില്ലെങ്കിലാണ് പാകിസ്താനെക്കുറിച്ച് പറയുക. ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തി വോട്ടുപിടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മെഹബൂബ പറഞ്ഞു.
ഹിന്ദുക്കൾ മാത്രമല്ല മറിച്ച് ജനാധിപത്യവും, രാജ്യവും അപകടത്തിലാണ്. കഴിഞ്ഞ 70 വർഷക്കാലം കൊണ്ട് കോൺഗ്രസ് ഉണ്ടാക്കി നേട്ടങ്ങൾ ബിജെപി ഇല്ലാതാക്കി. കർഷകരുടെ പ്രതിഷേധവും നാണയപ്പെരുപ്പവുമെല്ലാമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. ബിജെപി ജമ്മു കശ്മീരിനെ നശിപ്പിച്ചു. ജനങ്ങൾക്ക് ഇപ്പോൾ അവരുടെ അവകാശങ്ങളെക്കുറിച്ച് പോലും സംസാരിക്കാൻ പറ്റുന്നില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും മെഹബൂബ വിമർശനം ഉന്നയിച്ചു. യുപിയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ആളുകൾ ബുദ്ധിമുട്ടുകയാണെന്നും മെഹബൂബ ആരോപിച്ചു.
















Comments