മുംബൈ: വ്യവസായി രാജ്കുന്ദ്രയ്‌ക്ക് അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി. മോശം കാര്യങ്ങൾക്ക് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് ശിൽപ പ്രതികരിച്ചത്.
ഒരു കൊടുങ്കാറ്റിന് ശേഷം നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാനാണ് മഴവില്ലുകൾ നിലനിൽക്കുന്നതെന്ന് ശിൽപ പങ്കുവച്ച ഇൽസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. കുന്ദ്രയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച മുംബൈ കോടതിയുടെ ഉത്തരവിന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ശിൽപയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ ശിൽപ ഷെട്ടി നടത്തിയ ക്ഷേത്ര ദർശനങ്ങളും ചർച്ചയായിരുന്നു. കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ എത്തിയ നടി ദർശനത്തിന് ശേഷം അവിടെയുണ്ടായിരുന്ന ഭക്തരോട് സംവദിച്ചായിരുന്നു മടങ്ങിയത്.
ഇതിനിടെ ഭർത്താവിന്റെ ജോലിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലെന്ന് ശിൽപ ഷെട്ടി പോലീസിനോട് പ്രതികരിച്ചിരുന്നു. ജോലി തിരക്ക് ആയതിനാൽ ഭർത്താവിനെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. പോലീസിന് നൽകിയ മൊഴിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഇന്ന് വൈകിട്ടാണ് നീലച്ചിത്ര നിർമാണക്കേസിൽ 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെ കുന്ദ്രയ്‌ക്കും സഹായി റയാൻ തോർപയ്‌ക്കും കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ക്രൈബ്രാഞ്ചിന്റെ പ്രോപ്പർട്ടി സെൽ കേസിൽ കോടതിക്ക് മുമ്പാകെ സമർപ്പിച്ചത് 1,500 പേജുകളുള്ള കുറ്റപ്പത്രമായിരുന്നു. ശിൽപ ഷെട്ടിയടക്കം 43 സാക്ഷികളുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 19ന് മറ്റ് പതിനൊന്ന് പ്രതികളോടൊപ്പമായിരുന്നു രാജ്കുന്ദ്രയുടെ അറസ്റ്റ്.
















Comments