ന്യൂഡൽഹി: അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ച വ്യവസായി രാജ്കുന്ദ്ര ജയിൽമോചിതനായി. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെ തിങ്കളാഴ്ചയാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവായ രാജ്കുന്ദ്രയ്‌ക്കും സഹായി റയാൻ തോർപയ്‌ക്കും ജാമ്യം ലഭിച്ചത്. തുടർന്ന് ഇന്ന് രാവിലെ ആർതർ റോഡ് ജയിലിൽ നിന്നും രാജ്കുന്ദ്ര പുറത്തിറങ്ങി.
ഭർത്താവിന്റെ ജയിൽമോചനത്തിന് ശേഷം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ശിൽപ ഷെട്ടി തന്റെ പ്രതികരണം അറിയിച്ചത്. നിലത്തേക്ക് തള്ളിയിടുന്ന നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും. ഏഴ് തവണ വീണുകഴിഞ്ഞാൽ എട്ടാം തവണ എഴുന്നേറ്റ് നിൽക്കാൻ പാകത്തിന് ശക്തരാകുകയാണ് വേണ്ടതെന്ന് ശിൽപ ഷെട്ടി പറഞ്ഞു.
ധൈര്യവും ഇച്ഛാശക്തിയും മനക്കരുത്തുമെല്ലാം അത്തരം ഘട്ടങ്ങളിൽ ആവശ്യമാണ്. ഈ ഘടകങ്ങൾ ജീവിതയാത്രയിൽ നമ്മെ സുസ്ഥിരവും കരുത്തുറ്റതുമാക്കും. ഓരോ തവണ ഉയർത്തെഴുന്നേൽക്കുമ്പോഴും അസാധ്യമായതിനെ സാധ്യമാക്കാനുള്ള നിശ്ചയദാർഢ്യമാണ് ഉണ്ടാകേണ്ടതെന്നും ശിൽപ ഷെട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഒരിക്കലും വീഴ്ച സംഭവിക്കാത്തതിലല്ല, വീണുപോകുമ്പോഴെല്ലാം ഉയർത്തെഴുന്നേറ്റ് വരുന്നതിലാണ് വിജയമെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിലാണ് അശ്ലീലച്ചിത്രങ്ങൾ നിർമിച്ചതിലും പ്രദർശിപ്പിച്ചതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിൽപയുടെ ഭർത്താവ് രാജ്കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന അഭിനയമോഹികളായ സ്ത്രീകളെ ദുരുപയോഗം ചെയ്ത് നീലച്ചിത്രങ്ങൾ നിർമിക്കാനാണ് രാജ്കുന്ദ്ര ശ്രമിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ് ചെയ്തത്.
ഭർത്താവിന്റെ ജോലിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും അറിയില്ലെന്നുമാണ് കേസിൽ നടി ശിൽപ ഷെട്ടി പോലീസിന് മൊഴി നൽകിയത്. ജോലിത്തിരക്ക് കാരണം ഭർത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും ശിൽപ പറഞ്ഞു. തിങ്കളാഴ്ച കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നപ്പോഴും ശിൽപ പ്രതികരിച്ചിരുന്നു. മോശം കാലാവസ്ഥയ്‌ക്ക് ശേഷം മഴവില്ലുകൾ വിരിയുമെന്നാണ് ശിൽപ പ്രതികരിച്ചത്.
















Comments