അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. ഇതിന് പിന്നാലെ ഡൽഹി, നോയിഡ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയിടങ്ങളിൽ തുടർപരിശോധനകളും നടത്തിയിരുന്നു
ഒരു ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയും പിടിയിലായവരിലുണ്ട്. ബാക്കി മൂന്ന് പേർ ഇന്ത്യക്കാരാണ്. തുറമുഖം വഴി ഹെറോയിൻ അടങ്ങിയ കണ്ടെയ്‌നർ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികളും പിടിയിലായവരിൽ ഉൾപ്പെടും. വെണ്ണക്കല്ലുകൾ എന്ന പേരിലാണ് ഇവർ ഹെറോയിൻ ഇറക്കുമതി ചെയ്തത്. സ്ഥാപനം നടത്തിയിരുന്ന സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.
ചരക്ക് ഇറക്കുമതി ചെയ്ത ഇംപോർട്ട് എക്‌സ്‌പോർട്ട് കോഡ് ഉപയോഗിച്ചാണ് ഇവരെ പിടികൂടിയത്. ചെന്നൈയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇവരെ 10 ദിവസത്തേക്ക് ഡിആർഐ കസ്റ്റഡിയിൽ വിട്ടു.
മുന്ദ്ര തുറമുഖത്തെ ഹെറോയിൻ വേട്ടയുടെ പശ്ചാത്തലത്തിൽ ഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനകളിൽ ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 10.2 കിലോ കൊക്കെയ്ൻ പൗഡറും 11 കിലോ ഹെറോയിനും പിടിച്ചെടുത്തു.
സെപ്തംബർ 13 നാണ് മുന്ദ്ര തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നറുകൾ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. അഫ്ഗാനിലെ കാണ്ഡഹാർ തുറമുഖത്ത് നിന്നും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്‌നറുകൾ എത്തിയത്.
Comments