ദിസ്പൂർ: ലോക കാണ്ടാമൃഗ ദിനത്തിൽ രണ്ടായിരത്തിലധികം കൊമ്പുകൾ കത്തിച്ച അപൂർവ നടപടിക്കൊപ്പം അസം മറ്റൊരു വ്യത്യസ്ത ചടങ്ങിനുകൂടി സാക്ഷിയായി. ആയുധങ്ങളുമായി കീഴടങ്ങിയ 57 വേട്ടക്കാരെ സർക്കാർ അനുമോദന ചടങ്ങിൽ ആദരിച്ചു. ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് പുതിയതായി നിർമിച്ച റായ്‌മോണ ദേശീയോദ്യാനത്തിന് സമീപമായിരുന്നു ചടങ്ങ്.
അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിൽ (ബിടിസി) വന്യജീവികളെ വേട്ടയാടി ഉപജീവനം നടത്തിയിരുന്ന 57 വേട്ടക്കാരാണ് ആയുധങ്ങൾ അടിയറവ് വെച്ച് ചടങ്ങിൽ സന്നിഹിതരായത്. കാലങ്ങളായുള്ള തൊഴിൽ ഉപേക്ഷിച്ച അഭിനന്ദനാർഹമായ നീക്കത്തിന് ഓരോരുത്തർക്കും 50,000 രൂപ വീതം സഹായധനവും സർക്കാർ നൽകി. ഇവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രദേശത്ത് രണ്ട് നെയ്‌ത്ത് ഫാക്ടറികൾ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
റായ്‌മോണയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു വേട്ടക്കാർ കീഴടങ്ങാൻ തയ്യാറായത്. പ്രദേശത്ത് ഇത്തരത്തിൽ ഉപജീവനമാർഗം നടത്തുന്നവരെ കണ്ടെത്തി വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിൽ ബോധവത്കരണം നടത്തി. തുടർന്നാണ് 57 പേർ ആയുധങ്ങളുമായി കീഴടങ്ങാനുള്ള തീരുമാനം എടുത്തത്. പരമ്പരാഗതമായി വേട്ടയാടലിൽ ഏർപ്പെട്ടിരുന്ന നിരവധി പേർ പ്രദേശത്ത് ഉണ്ടായിരുന്നു.
70-80 വർഷങ്ങൾക്ക് മുമ്പ് ഇവിടെ കാണ്ടാമൃഗങ്ങൾ നിലനിന്നിരുന്നു. പുതുതായി നിർമിച്ച റായ്‌മോണ ദേശീയോദ്യാനത്തിലേക്ക് വീണ്ടും കാണ്ടാമൃഗങ്ങളെ കൊണ്ടുവരുമെന്നും വേട്ടക്കാരുടെ കീഴടങ്ങൽ ചടങ്ങിൽ ബിടിസി അദ്ധ്യക്ഷൻ പ്രമോദ് ബോറോ വ്യക്തമാക്കി.
















Comments