ന്യൂഡൽഹി: ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന് വാഷിംഗ്ടണിൽ നടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് അംഗരാജ്യങ്ങളിലെ നേതാക്കളെ ഉച്ചകോടിയിലേക്ക് ഒദ്യോഗികമായി ക്ഷണിച്ചു. വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുക എന്നതാണ് ഉച്ചകോടിയിലെ ചർച്ച. കൊറോണാ പ്രതിരോധം, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുക, സാങ്കേതികവിദ്യകളുടെ കൈമാറ്റം, സൈബർ ഇടങ്ങളിലെ പ്രായോഗിക സഹകരണം, ഇന്തോ പസഫിക്ക് വ്യാപാരവികസനം, എന്നീ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന നാല് രാജ്യങ്ങളുടെ സംഘടനയാണ് ക്വാഡ്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ഇടപെടലിനെതിരെ ശക്തമായ നീക്കം നടത്താൻ ‘ക്വാഡ്’ രൂപീകരണം സഹായകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവർ ക്വാഡ് ഉച്ചകോടിയിൽ ചർച്ചകൾക്ക് നേതൃത്വം നൽകും.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനും ക്വാഡ് സഖ്യത്തിലൂടെ സാധിക്കും.ഇതിന്റെ ഭാഗമായി നാലു രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസവും കഴിഞ്ഞ നവംബറിൽ നടന്നിരുന്നു. ഇന്തോ പസഫിക്ക് മേഖലയിലെ ചൈനയുടെ സൈനിക സ്വാധീനത്തെ നേരിടാൻ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
















Comments