തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. തടവുപുളളികൾക്ക് ഫോൺ വിളിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കുന്നതായി സൂപ്രണ്ടിനെതിരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാൻ ജയിൽ വകുപ്പ് മേധാവി ശുപാർശ ചെയ്തത്.
സംഭവം വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണം. ജയിലിനുള്ളിൽ തടവുകാരുടെ നിയന്ത്രണ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ജില്ലയ്‌ക്ക് പുറത്തേക്കു മാറ്റണമെന്നും ശുപാർശയിൽ പറയുന്നു. സംഭവത്തിൽ ഡിഐജി എം.കെ വിനോദ് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സഹിതമാണ് ജയിൽ മേധാവി ശുപാർശ നൽകിയത്.
അടുത്തിടെ ജയിലിനകത്തു നിന്നും ടിപി വധക്കേസ് പ്രതി കൊടിസുനിയുൾപ്പെടെയുള്ളവരുടെ പക്കൽ നിന്നും ഫോൺ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ ഡിഐജി അന്വേഷണം നടത്തിയത്. പ്രതികൾക്കായി വഴിവിട്ട സഹായങ്ങൾ ഒരുക്കി കൊടുക്കുന്നതിന് പുറമേ, ചിലരോട് അതിരുവിട്ട അടുപ്പം പുലർത്തിയിരുന്നതായും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments