ഗുവാഹത്തി: അസമിലെ ദാരാംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് പരാമർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അറുപത് കുടുംബങ്ങളെയായിരുന്നു പ്രദേശത്ത് നിന്നും ഒഴിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പതിനായിരത്തോളം പേർ അവിടെ ഉണ്ടായിരുന്നുവെന്നും ഇവരെ ആരാണ് കൊണ്ടുവന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ പേര് ഇക്കാര്യത്തിൽ ഉയർന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചതിന് പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയടക്കമുള്ള ഭീകരശക്തികളാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
പ്രദേശത്ത് ബോധപൂർവ്വം അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നായിരുന്നു ബിജെപി എംപി ദിലീപ് സൈകിയ പറഞ്ഞത്. ഗോരുഖുട്ടിലെ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും മറ്റ് രാഷ്‌ട്രീയ, അരാഷ്‌ട്രീയ സംഘടനകളുമുണ്ട്. അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിൽ ഈ വസ്തുതകൾ പുറത്തുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
Comments