ജയ്പൂർ: രാജസ്ഥാൻ എലിജിബിലിറ്റി എക്‌സാമിനേഷൻ ഫോർ ടീച്ചർസ് (റീറ്റ്) പരീക്ഷയോട് അനുബന്ധിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതമാക്കി. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജ്മിർ,ആൽവാർ, ദൗസ,ജുൻജുനു ജില്ലകളിലും ജയ്പൂരിലെ ഗ്രാമീണ മേഖലയിലുമാണ് ഇന്ന് ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റിന് ഒപ്പം എസ്എംഎസ് സേവനങ്ങൾക്കും ഈ ജില്ലകളിൽ വിലക്കുണ്ട്.
31,000 ത്തിലധികം അധ്യാപക തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്. 4,000 കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയിൽ 16 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് റീറ്റ് പരീക്ഷ നടത്തുന്നത്. 200 സ്ഥലങ്ങളിലായി 4,153 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജയ്പൂർ ജില്ലയിൽ മാത്രം 2.5 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ 592 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷയെഴുതുന്നത്.
റീറ്റിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും സംസ്ഥാന സർക്കാർ സൗജന്യ യാത്രാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഏതെങ്കിലും സർക്കാർ ജീവനക്കാർ പേപ്പർ ചോർത്തുകയോ പകർത്തുകയോ ചെയ്താൽ അവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Comments