ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും. വൈകീട്ട് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാകും കനയ്യ പാർട്ടി അംഗത്വം സ്വീകരിക്കുക. പരിപാടിയിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.
കനയ്യകുമാറിനൊപ്പം ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും എഐസിസി ആസ്ഥാനത്ത് എത്തും. എങ്കിലും ജിഗ്നേഷിന്റെ പാർട്ടി പ്രവേശനം പിന്നീടായിരിക്കും. പരിപാടിയിൽ സിപിഐ വിടാനുള്ള കാരണം കനയ്യ വ്യക്തമാക്കുമെന്നാണ് സൂചന. അഭ്യൂഹങ്ങൾക്കിടെ ശനിയാഴ്ചയാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തുവന്നത്.
ഗാന്ധി ജയന്തി ദിനത്തിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്ന വാർത്തകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ പിന്നീട് നടന്ന ചർച്ചയിൽ ഇത് നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ ബിജെപിയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നതിനായി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് കനയ്യകുമാറിനെയും, ജിഗ്‌നേഷ് മേവാനിയെയും പാർട്ടിയിലേക്ക് സ്വീകരിക്കുന്നത്. ഇരുവർക്കും പാർട്ടി നിർണായക സ്ഥാനങ്ങൾ നൽകുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം തന്നെ കനയ്യകുമാറും, ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം ഇരുവരും നിഷേധിക്കുകയായിരുന്നു. ഇതിനിടെ കനയ്യകുമാർ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ഈ സൂചനകൾക്ക് ബലമേകി. എന്നാൽ കോൺഗ്രസിൽ ചേരാനില്ലെന്നായിരുന്നു കനയ്യയുടെ പ്രതികരണം.
അതേസമയം കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തോടെ സിപിഐ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച കനയ്യയെ പിന്തുണച്ച് കാനം രാജേന്ദ്രൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
















Comments