മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ വമ്പന്മാർക്ക് ജയവും തോൽവിയും. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ പോർട്ടോവിനെ തകർത്തപ്പോൾ രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡിന് സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ലിവർപൂൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പോർട്ടോവിനെ തകർത്തത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലയും റോബർട്ടോ ഫെർമിനോവും നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ആവേശ ജയം സമ്മാനിച്ചത്. കളിയുടെ 18, 60 മിനിറ്റുകളിൽ സല ഗോളടി ച്ചപ്പോൾ, റോബർട്ടോ ഫെർമിനോ 77, 81 മിനിറ്റുകളിൽ എതിരാളികളുടെ വല ചലിപ്പിച്ചു. 45-ാം മിനിറ്റിൽ സാദിയോ മാനേയും ചെമ്പടയ്‌ക്കായി ഗോൾ നേടി. പോർട്ടോയ്‌ക്ക് വേണ്ടി 74-ാം മിനിറ്റിൽ മഹ്ദി തരേമിയാണ് ആശ്വാസഗോൾ നേടിയത്.
രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ ഷെരീഫിനോട് തോറ്റത്. കളിയുടെ 25-ാം മിനിറ്റിൽ ജാസുർബെക് യാക്ഷിബോയേവാണ് ഷെരീഫിനായി ആദ്യ ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ കരീം ബെൻസേമ റയലിനായി പെനാൽറ്റി മുതലാക്കി സമനില ഗോൾ നേടി. എന്നാൽ കളിയുടെ അവസാന നിമിഷം സെബാസ്റ്റ്യൻ തില്ലാണ് ഷെരിഫിനായി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഷെരീഫിന്റെ രണ്ടാം ജയമാണിത്. മറ്റ് മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡ് മിലാനേയും ഡോട്ട്മുണ്ട് സ്‌പോർട്ടിം ഗിനേയും ലീപ്‌സിഗ് ക്ലബ്ബ് ബ്രൂഗയേയും തോൽപ്പിച്ചു.
Comments