കൊച്ചി: കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ഇദ്ദേഹം ഓഫീസിൽ വന്നിരുന്നില്ല. മോൻസനുമായി ലോക്നാഥ് ബഹ്റയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മോൻസനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലോക് നാഥ് ബഹ്റ അവധിയിലാണ്. അറസ്റ്റിന് ശേഷമാണ് ബെഹ്റ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ലോക്നാഥ് ബെഹ്റയുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളിലുണ്ട്. എല്ലാം പോലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്ന ന്യായീകരണം മാത്രമാണ് ലഭിച്ചത്. മോൻസൻ മാവുങ്കൽ അറസ്റ്റിലായത് മുതൽ ബെഹ്റയ്ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
വ്യാജ പുരാവസ്തുക്കൾ വിറ്റ് ആളുകളിൽ നിന്നും കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്ന വിവരവും പുറത്തുവന്നിരുന്നു. ആലപ്പുഴ എസ്പിയ്ക്കും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ബെഹ്റ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മോൻസൻ മാവുങ്കലിന് സുരക്ഷയൊരുക്കിയതിൽ ന്യായീകരണവുമായി ലോക്നാഥ് ബെഹ്റ എത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് മോൻസന് സുരക്ഷ നൽകിയതെന്നാണ് ബെഹ്റ പറഞ്ഞത്.
Comments