മുംബൈ: മുംബൈ മുൻ പോലീസ് കമ്മീഷ്ണർ പരംബീർ സിംഗ് റഷ്യയിലേക്ക് മുങ്ങിയതായി സൂചന. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ട് വന്നാണ് പരംബീർ സിംഗ് വാർത്തകളിൽ ഇടം നേടിയത്. അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്കുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെയാണ് ദേശ്മുഖ് രാജിവെച്ചത്.
മേയ് 5 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ച പരംബീർ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സർക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തിൽനിന്നുള്ള വിവരങ്ങളൊന്നുമില്ലെന്ന് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അംബാനിയുടെ വീട്ടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് പരംബീർ സിംഗിനെ സർക്കാർ ഹോം ഗാർഡിലേക്ക് മാറ്റിയിരുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരംബീർ സിംഗിനെ സ്ഥലം മാറ്റിയത്. പിന്നാലെയാണ് ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി ഇദ്ദേഹം എത്തിയത്. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് പരംബീർ റഷ്യയിലേക്കു കടന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.
പരംബീർ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സർക്കാരിന്റെ അനുമതി കൂടാതെ വിദേശത്തേയ്‌ക്ക് പോകാനാകില്ലെന്നും റഷ്യയിലേക്ക് പോയെങ്കിൽ അത് ഒട്ടും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ പറഞ്ഞു. ഇപ്പോൾ പരംബീർ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാക്കി നടപടികൾ അദ്ദേഹത്തെ കണ്ടെത്തിയ ശേഷം കേന്ദ്രസർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദിലീപ് വൽസെ കൂട്ടിച്ചേർത്തു.
















Comments