ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യ തലസ്ഥാനമുൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും.
കൊളംബോ, ജാഫ്‌ന, ട്രിങ്കോമാലി, കാൻഡി എന്നിവിടങ്ങളിലാണ് ശൃംഗ്ല സന്ദർശനം നടത്തുക. ശ്രീലങ്കൻ അധികൃതരുമായി ചേർന്ന് അദ്ദേഹം ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വിലയിരുത്തും. പരസ്പര സഹകരണം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തും. കൊറോണ വ്യാപനവും ഇതുയർത്തിയ വെല്ലുവിളികളും ചർച്ച ചെയ്യും.
സന്ദർശന വേളയിൽ ശൃംഗ്ല ശ്രീലങ്കൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി സംവദിക്കും. ഫോണിലൂടെയാകും ഇവരുമായി സംസാരിക്കുക. വിവിധ വിഷയങ്ങൾ ഇവരുമായി ചേർന്ന് ചർച്ച ചെയ്യും.വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ശൃംഗ്ല നടത്തുന്ന ആദ്യ ശ്രീലങ്കൻ സന്ദർശനമാണ് ഇത്.
Comments