നൃൂഡൽഹി: രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതൽ സ്ത്രീകളെന്ന് സർവേ റിപ്പോർട്ട്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഘാലയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 34.1 ശതമാനം സ്ത്രീകളാണ് ഉയർന്ന പദവികളിൽ ഇവിടെ ജോലി ചെയ്യുന്നത്. സിക്കിമും മിസോറാമുമാണ് തൊട്ടുപിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.
സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന മറ്റ് രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശും പഞ്ചാബും. ഇതിൽ ഏറ്റവും കുറഞ്ഞ ശതമാനമുളളത് അസാമിലാണ്.
സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനിർമ്മാതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നീ തസ്തികകളിൽ സ്ത്രീകൾ ജോലിയെടുക്കുന്നുണ്ട്. എല്ലാം മേഖലയിലും സ്ത്രീ സാന്നിദ്ധ്യം ഉളളത് മണിപ്പൂരിലാണ്.
രാജ്യത്തെ പുരുഷന്മാരായ ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വെറും 23.2 ശതമാനം മാത്രമാണ് വർധനവ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പ്രൊഫഷണൽ, ടെക്നിക്കൽ ജോലികൾ ചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. ലിംഗ വ്യത്യാസമില്ലാതെയാണ് ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ ജോലികൾ ഇരുകൂട്ടരും ചെയ്യുന്നത്.
തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ധാരാളം പരിപാടികൾ ഇന്ത്യ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഭയമില്ലാതെ ജോലി ചെയ്യാനുളള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും സൗമ്യ കൂട്ടിച്ചേർത്തു.
സ്ത്രീ ശാക്തീകരണത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കാണുളളത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ സഹായകരമാകുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കണമെന്നും സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെട്ടു.
വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, റെസ്റ്റോറന്റ്, ഐടി സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 70.7 ശതമാനമാണ്. വെറും 29.3 ശതമാനം സ്ത്രീകൾ മാത്രമാണ് ഈ മേഖലയിലുളളതെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ത്രൈമാസ തൊഴിൽ സർവേയിൽ വ്യക്തമാക്കുന്നു.
















Comments