ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ പെട്ട കാണാതായ രണ്ട് നാവികസേന ഉദ്യോഗസ്ഥരുടെ തെരച്ചിൽ ശക്തമാക്കി. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാദൗത്യം നടക്കുന്നത്.
ഇന്നലെ അപകടത്തിൽ പെട്ട നാല് നാവിക സേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ലെഫ്റ്റനന്റ് കമ്മാൻഡർമാരായ രജ്നികാന്ത് യാദവ്, യോഗേഷ് തിവാരി, അനന്ത് കുക്രേതി, എംസിപിഒ ഹരി ഓം എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുതത്.
സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഷ്‌ട്രത്തിന് വിലയേറിയ യുവജനങ്ങൾ മാത്രമല്ല, ധീരരായ സൈനികരും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ നാവിക സേനയിലെ അഞ്ച് ഉദ്യോഗസ്ഥരെയും ഒരു നാവികനെയുമാണ് വെള്ളിയാഴ്ച രാവിലെ കാണാതായത്. ബാഗേശ്വർ ജില്ലയിലെ ത്രിശൂൽ കൊടുമുടിയിലേക്കുള്ള യാത്രക്കിടെ ഹിമപാതം ഉണ്ടായതിനെ തുടർന്ന് സംഘം അപകടത്തിലാകുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നാവിക സേനയിലെ അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുപതംഗ സംഘം ത്രിശൂൽ പർവതത്തിന്റെ ഉന്നതിയിലെത്തി മടങ്ങിയിരുന്നു.
Comments