തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ സഹായത്തോടെ ചെമ്പോല തിട്ടൂരം കോടതിയിൽ സമർപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. മോൻസന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല തിട്ടൂരം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആധികാരിക രേഖയായി സമർപ്പിച്ചുവെന്ന വാർത്ത ശരിയാണെങ്കിൽ കേരള ജനതയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഈ നടപടി അധാർമ്മികവും അയ്യപ്പ ഭക്തരോട് കാണിച്ച കൊടും ചതിയുമാണ്. വ്യാജരേഖ നിർമ്മിക്കാനും അത് ആധികാരിക രേഖയാണെന്ന് സ്ഥാപിക്കാനും ആസൂത്രിത ശ്രമം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഹിന്ദു സമൂഹത്തെ ജാതീയമായി വിഘടിപ്പിച്ച് നിർത്താനും പരസ്പര വിദ്വേഷം സൃഷ്ടിക്കാനുമുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾക്ക് സർക്കാരാണ് നേതൃത്വം കൊടുക്കുന്നത്. വിഘടിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടിഷ് തന്ത്രമാണ് കമ്യൂണിസ്റ്റ് സർക്കാർ പിന്തുടരുന്നത്. സർക്കാരിനും സിപിഎമ്മിനും വേണ്ടി വിടുപണി ചെയ്യുന്ന ചില പത്രപ്രവർത്തകരെ കൂട്ടുപിടിച്ച് വിശ്വാസികൾക്കെതിരെ നടത്തിയ ഒളിയുദ്ധം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ആർ.വി ബാബു പറഞ്ഞു.
മോൻസൻ മാവുങ്കലിന്റെ വ്യാജ രേഖ ചെമ്പോല തിട്ടൂരമെന്ന പേരിലാണ് 24 അടക്കമുള്ള മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയത്. ശബരിമലയുടെ വർഷങ്ങൾ പഴക്കമുള്ള രാജമുദ്ര പതിച്ച രേഖയാണ് മോൻസന്റെ കയ്യിലുള്ളതെന്ന് കാണിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുപയോഗിച്ച് സർക്കാർ കോടതിയിൽ വാദിച്ചിട്ടുണ്ടെന്നാണ് വിവരം.
















Comments