സോൾ: രാജ്യത്തിന്റെ മിസൈൽ പരീക്ഷണങ്ങളെ വിമർശിച്ച ഐക്യരാഷ്‌ട്രസഭയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്.രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്നതിന് മുൻപായി ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കണമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.
ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോൽ സു ആണ് കടുത്ത ഭാഷയിൽ ഐക്യ രാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിനെതിരെ രംഗത്തെത്തിയത്.
ഐക്യരാഷ്‌ട്ര സഭയുടെ ഇരട്ടത്താപ്പിനെതിരെയും ഉത്തരകൊറിയ വിമർശിച്ചു.അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ ഇത്തരത്തിൽ ആയുധ പരീക്ഷണം നടത്തുമ്പോൾ സംഘടന മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ഉത്തരകൊറിയ വിമർശിച്ചു.
കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര സഭയുടെ അടിയന്തര മീറ്റിങ്ങിൽ ഉത്തരകൊറിയയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.രാജ്യത്തിന്റെ തുടരെ തുടരെയുള്ള മിസൈൽ പരീക്ഷണങ്ങളെ വിമർശിച്ചുകൊണ്ട് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി.ഇതിനെ സഭയിലെ മറ്റു അംഗങ്ങളും പിന്താങ്ങി. ഇതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസവും ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ മിസെൽ പരീക്ഷണമാണ് രാജ്യം നടത്തിയത്. തുടരെ തുടരെയുള്ള ഇത്തരം പരീക്ഷണങ്ങൾ മറ്റു രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
Comments