ലക്‌നൗ: ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ തന്റെ മകന് പങ്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. മകൻ ആശിഷ് മിശ്രയ്‌ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശിഷ് മിശ്രയുടെ വാഹനമാണ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആരോപണം.
ലഖിംപൂർ ഖേരിയിലെ പ്രതിഷേധ സ്ഥലത്ത് തന്റെ മകന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ലഭിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്നാണ് അജയ് മിശ്ര പറഞ്ഞത്. തന്റെ മകനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് യുപി പോലീസ് ആശിഷ് ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.
സംഭവം നടക്കുന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് ആശിഷ് മിശ്രയും പറഞ്ഞിരുന്നു. ബാൻബിർപുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധ ശക്തികളാണെന്ന് നേരത്തെ അജയ് കുമാർ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം നടത്തിയവർ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. അതാണ് സംഭവത്തിലേക്ക് നയിച്ചത്. വടിയും വാളും കൊണ്ടുപോലും പ്രതിഷേധക്കാർ അക്രമം നടത്തി. തന്റെ മകൻ ആ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ജീവൻ പോലും തിരിച്ചുകിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസയമം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായതാണ് റിപ്പോർട്ട്. പ്രതിഷേധക്കാരുടെ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാദ്ധ്യമപ്രവർത്തകനാണ് മരിച്ചത്. പ്രദേശം അക്രമാസക്തമായതോടെ ജില്ലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചു.
















Comments