മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ബിറ്റ് കോയിൻ ഇടപാടും നടന്നതായി സൂചനയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സമീർ വാങ്കഡെ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം മുംബൈയിൽ പറഞ്ഞു. കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെ പതിനേഴ് പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്.
ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് അവ വെളിപ്പെടുത്താത്തതെന്നും സമീർ വാങ്കഡെ വ്യക്തമാക്കി. അതേസമയം ആര്യ ഖാൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നേരത്തെ ലഹരിപാർട്ടിയിൽ മയക്കുമരുന്ന് എത്തിച്ച ശ്രേയസ് നായർ പ്രതിഫലം വാങ്ങിയിരുന്നത് ബിറ്റ് കോയിൻ വഴിയാണെന്ന വിവരം പുറത്തുവന്നിരുന്നു. ഡാർക്ക് നെറ്റിലൂടെ ഓർഡർ സ്വീകരിക്കുന്ന ഇയാൾ ക്രിപ്‌റ്റോ കറൻസിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത്. ആര്യന്റേയും സുഹൃത്ത് അർബാസിന്റേയും വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് വിതരണക്കാരനായ ശ്രേയസിനെ കുറിച്ച് എൻസിബിയ്‌ക്ക് വിവരം ലഭിക്കുന്നത്.
ഒക്ടോബർ രണ്ടിനാണ് ഗോവയിലേക്ക് പോകുകയായിരുന്ന ആഡംബര കപ്പലിൽ നിന്നും ആര്യനുൾപ്പെടെയുള്ളവർ പിടിയിലാകുന്നത്. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ.
Comments