കുടുംബത്തോടൊപ്പം റോച്ചസ്റ്റര്‍ ഹില്‍സിലെ ‘ദിനോസര്‍ ഹില്‍’ എന്ന് പേരുള്ള ഒരു പ്രകൃതിദത്ത റിസര്‍വില്‍ ഉല്ലാസയാത്രയ്‌ക്ക് പോയ ആറ് വയസ്സുകാരനായ ജൂലിയന്‍ ഗാഗ്‌നോണ്‍ കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള പല്ലിന്റെ ഒരു ഭാഗം.
വടക്കന്‍, മധ്യ അമേരിക്കന്‍ ദേശങ്ങളില്‍ അലഞ്ഞുനടന്നിരുന്ന ആനയുടേതിന് സമാനമായ ശരീരപ്രകൃതിയുള്ള മാസ്റ്റഡണ്‍ എന്ന പുരാതന സസ്തനിയുടേതായിരുന്നു ഇത് . ജൂലിയന്‍ കണ്ടെത്തിയ പുരാതന ഫോസിലിന് മനുഷ്യന്റെ കൈയുടെയത്ര വലിപ്പമുണ്ടായിരുന്നു. ഈ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് നല്‍കി. തങ്ങളുടെ ഫോസില്‍ അവശിഷ്ടങ്ങളുടെ ശേഖരത്തിന് ഈ കണ്ടെത്തല്‍ അസാധാരണമായ ഒരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ സ്ഥിരീകരിച്ചു.
‘ എന്റെ കാലില്‍ എന്തോ തടഞ്ഞ പോലെ തോന്നി.ഞാന്‍ അത് എടുത്തു നോക്കി. അത് ഒരു പല്ല് പോലെയാണ് കാണപ്പെട്ടത്. ഈ കണ്ടുപിടിത്തത്തിന് എനിക്ക് ഒരു മില്യണ്‍ ഡോളറെങ്കിലും പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഇപ്പോള്‍ അല്‍പ്പം വിഷമം തോന്നുന്നു, ‘ ജൂലിയന്‍ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ പറഞ്ഞു. ”ആദ്യം ഞാന്‍ ഒരു ആര്‍ക്കിയോളജിസ്റ്റ് ആകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍, ഞാന്‍ ഒരു പാലിയന്റോളജിസ്റ്റാകാനാണ് സാധ്യത എന്ന് തോന്നുന്നു’, ജൂലിയന്‍ കൂട്ടിച്ചേര്‍ത്തു.
‘ഫോസില്‍ ഖനനം എല്ലാ ദിവസവും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് എനിക്ക് ആ ബാലനോട് അല്‍പ്പം അസൂയ തോന്നുന്നുണ്ട്. ഈ കണ്ടെത്തല്‍ വളരെയധികം ആവേശകരമാണ്, കാരണം ഇതുപോലുള്ള ഫോസിലുകള്‍ കണ്ടെത്തുക എന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്”, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നാച്ചുറല്‍ ഹിസ്റ്ററി യൂണിവേഴ്‌സിറ്റിയിലെ എബി ഡ്രേക്ക് പറയുന്നു. 16 ഏക്കര്‍ വരുന്ന പ്രകൃതിദത്തമായ ദിനോസര്‍ ഹില്‍, മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രകൃതിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയുന്നതും വിവിധ സസ്യജന്തുജാലങ്ങള്‍ക്കായുള്ള പര്യവേക്ഷണം നടത്താന്‍ പറ്റിയതുമായ സ്ഥലമാണ്.
















Comments