ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം ശരാശരി ഇരുപതിനായിരത്തോളം പേർ രോഗബാധിതരാകുന്നു. ഇതിലെ പകുതിയിലധിവും കേരളത്തിൽ നിന്നാണെന്ന അവസ്ഥയിലൂടെയാണ് രോഗനിരക്ക് കടന്ന് പോകുന്നതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.
കൊറോണയുയർത്തിയ വെല്ലുവിളികളും പ്രതിസന്ധികളും ഇതുവരെയും അവസാനിച്ചിട്ടില്ല. അതേസമയം രണ്ടാം തരംഗത്തെ ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കിയെന്ന് പറയാനാകും. എങ്കിലും ജാഗ്രത കൈവിടാതെ തുടർന്നും മുന്നോട്ട് പോകാൻ ജനങ്ങൾ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.
ഓക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമാണ്. ലക്ഷദ്വീപ്, ഛണ്ഡിഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം, ആൻഡമാൻ നിക്കോബർ എന്നിവിടങ്ങളിൽ 100 ശതമാനം ആളുകളും ആദ്യ ഡോസ് പൂർത്തീകരിച്ചതായും ലവ് അഗർവാൾ വ്യക്തമാക്കി.
ഇന്ത്യയിലെ 28 ജില്ലകളിൽ അഞ്ചിനും പത്തിനും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക്. ഉയർന്ന രോഗബാധ നിരക്കാണ് ഇത് സൂചിപ്പിക്കുന്നത്. പല ജില്ലകളിലും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലും നിൽക്കുന്നുണ്ട്. കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, മിസോറാം, കർണാടക എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്നും ലവ് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. 5.86 ശതമാനത്തിൽ നിന്നാണ് രണ്ടിൽ താഴെയെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,431 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 318 മരണങ്ങളും രേഖപ്പെടുത്തി. ഇതിലെ 12,616 കൊറോണ കേസുകളും 134 മരണങ്ങളും കേരളത്തിന്റെതാണ്. രോഗമുക്തി നിരക്ക് 97.95 ശതമാനമായി തുടരുന്നു.
















Comments