ന്യൂയോർക്ക് : ആഗോള ജനതയെ രണ്ട് വർഷത്തിലേറെയായി ആശങ്കയിൽ നിർത്തുകയാണ് കൊറോണ വ്യാപനം. ലോകം ഒറ്റക്കെട്ടായി പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭാവിയിൽ കൊറോണ ബാധ എന്നത് ജലദോഷം പോലെയുള്ള സാധാരണ രോഗമായി മാറുമെന്നാണ് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവ്വീസ് ചെയർമാൻ മാൽക്കം ഗ്രാന്റ് പറയുന്നത്.
ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ കൊറോണ ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഭൂരിഭാഗം ആളുകളും വൈറസ് ബാധയേറ്റവരാണ്. ഭാവിയിൽ കൊറോണ വരുന്നത് ജലദോഷം വരുന്നതുപോലെ സാധാരണമാകും. എന്നാൽ അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്താൻ സമയം എടുക്കും. കൊറോണയെക്കുറിച്ച് ഇനിയും കൂടുതൽ മനസ്സിലാക്കാനുണ്ടെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു. അതേസമയം കൊറോണ വൈറസ് നമുക്ക് ചുറ്റും എല്ലായ്‌പ്പോഴും നില നിൽക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നൽകുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിരോധം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. കാരണം ഓരോ സംസ്ഥാനത്തെയും സാമൂഹ്യ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് സർക്കാർ പങ്കാളിത്തം പോലെ തന്നെ സ്വകാര്യ പങ്കാളിത്തവും ആവശ്യമാണെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചയും 53,000 മരണങ്ങളാണ് കൊറോണയെ തുടർന്ന് സംഭവിക്കുന്നത്. യൂറോപ്പിൽ മരണ നിരക്ക് കുറവാണെങ്കിലും രോഗവ്യാപനം വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments