ന്യൂഡൽഹി: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സണിന്റെ ത്രിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കം. രാജ് ഭവനിലെത്തിയ ഫ്രെഡറിക്‌സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. മഹാത്മാഗാന്ധിയ്‌ക്ക് ആദരാജ്ഞലി അർപ്പിച്ച ശേഷമാണ് ഫ്രെഡ്രിക്‌സൻ ചർച്ചകളിലേക്ക് കടന്നത്.
ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത പങ്കാളിയാണെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം ഫ്രെഡറിക്‌സൺ പറഞ്ഞു. ഈ കൂടിക്കാഴ്‌ച്ചയെ ഇന്ത്യയും-ഡെൻമാർക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നാഴികകല്ലായാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിൽ ‘ഗ്രീൻ സ്ട്രാറ്റെർജിക് അലയൻസിൽ’ ഒപ്പുവെച്ചിരുന്നു. ഈ മേഖലയിലെ പുരോഗതി ഇരുരാജ്യങ്ങളും കൂടിക്കാഴ്‌ച്ചയിൽ അവലോകനം ചെയ്യും. ഇന്ന് രാവിലെയാണ് ഫ്രെഡറിക്‌സൺ ഡൽഹിയിലെത്തിയത്.
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് വിമാനത്താവളത്തിൽ നി്ന്നും ഫ്രെഡറിക്‌സനെ സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഏർപ്പെടുമെന്നാണ് സൂചന. രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും ഇവർ കൂടിക്കാഴ്‌ച്ച നടത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഈമാസം ആദ്യം ഡെൻമാർക്ക് സന്ദർശിച്ചിരുന്നു.
Comments