കഴിഞ്ഞ 89 വർഷക്കാലമായി ഇന്ത്യയെയും കോടിക്കണക്കിനുവരുന്ന ഇന്ത്യക്കാരെയും ഒരു പോറൽപോലും വരാതെ വ്യോമസേന സംരക്ഷിച്ചുവരികയാണ്. വ്യോമസേന തീർത്ത വലയം ഭേദിച്ച് ശത്രുക്കൾക്ക് രാജ്യത്തിനകത്തേക്ക് പ്രവേശിക്കുക അസാദ്ധ്യം. ആയുധക്കരുത്തിലും ഏറെ മുൻപിലാണ് നമ്മുടെ വ്യോമസേന. ബലാക്കോട്ടിൽ പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ വ്യോമസേന ലോകരാജ്യങ്ങൾക്ക് മുൻപിൽ ശക്തി തെളിയിച്ചു. അഭിമാനത്തിന്റെ 89 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ വീണ്ടും കരുത്താർജ്ജിക്കാനുള്ള ശ്രമങ്ങളാണ് വ്യോമസേന നടത്തുന്നത്. ഇതിന്റെ ഭാഗമായി വ്യോമസേന സ്വന്തമാക്കാനൊരുങ്ങുന്ന യുദ്ധ വിമാനങ്ങളും സാങ്കേതിക വിദ്യകളും ഇവയെല്ലാമാണ്.
മിറാഷ്, തേജസ് എന്നീ യുദ്ധവിമാനങ്ങൾ , ആകാശ് മിസൈലുകൾ, എയർ ബസുകൾ എന്നിവയാണ് വ്യോമസേന ഉടൻ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇതിനായുള്ള കരാറുകൾ ഒപ്പുവെച്ച് വ്യോമസേന കാത്തിരിക്കുകയാണ്. ഡ്രോൺ വേധാ സാങ്കേതിക വിദ്യ കൂടി സ്വന്തമാക്കുന്നതോടെ വ്യോമസേനയുടെ പ്രഹരശേഷി വീണ്ടും വർദ്ധിക്കുമെന്ന് ഉറപ്പാണ്.
വ്യോമസനേയ്‌ക്കായി 24 മിറാഷ്- 2000 യുദ്ധവിമാനങ്ങൾക്കുള്ള കരാറിലാണ് കേന്ദ്രപ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. സെപ്തംബറിലായിരുന്നു ഫ്രഞ്ച് വ്യോമസേനയുമായുള്ള കരാർ ഉറപ്പിച്ചത്. ഇതിന് പുറമേ 50 മിറാഷ് വിമാനങ്ങൾ നവീകരിക്കുന്നതിനും ഫ്രഞ്ച് വ്യോമസേനയുമായി ധാരണയായിട്ടുണ്ട്. 31.6 മില്യൺ ഡോളർ ചിലവിട്ടാണ് പ്രതിരോധമന്ത്രാലയം മിറാഷ് വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ 49 മിറാഷ് വിമാനങ്ങൾ വ്യോമസേനയുടെ പക്കലുണ്ട്.
ഈ വർഷം ജൂലൈയിലാണ് കൂടുതൽ ആകാശ് മിസൈലുകൾക്കായുള്ള കരാറിൽ മിസൈൽ നിർമ്മാതാക്കളായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റുമായി വ്യോമസേന ഒപ്പുവെച്ചത്. 499 കോടി രൂപയാണ് ഇതിനായി വ്യോമസേന ചിലവിടുന്നത്. 25 കിലോ മീറ്റർ ദൂരപരിധിയുള്ള ആകാശ് മിസൈലുകൾ എത്തുന്നതോടെ വ്യോമസേനയുടെ പ്രഹരശേഷി ഒരു പടികൂടി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിലാണ് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് മിസൈലുകൾ നിർമ്മിക്കുന്നത്. വ്യോമസേനയ്‌ക്ക് പുറമേ കരസേനയ്‌ക്ക് വേണ്ടിയും മിസൈൽ നിർമ്മിക്കുന്നത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ്.
അടുത്തിടെ പ്രതിരോധ മന്ത്രാലയം ഏർപ്പെട്ട കരാറുകളിൽ ഏറ്റവും വലുതും നിർണായകവുമാണ് തേജസ് യുദ്ധവിമാനങ്ങൾക്കായുള്ളത്. വിമാനങ്ങൾ വാങ്ങാൻ 38,000 കോടി രൂപയാണ് പ്രതിരോധമന്ത്രാലയം ചിലവിടുന്നത്. 83 യുദ്ധ വിമാനങ്ങൾക്കായുള്ള കരാറിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒപ്പുവെച്ചത്. ഒറ്റ എൻജിൻ മൾട്ടി റോൾ സൂപ്പർ സോണിക് യുദ്ധവിമാനങ്ങളായ തേജസ് വ്യോമസേനയുടെ ഭാഗമാകുന്നതോടെ ഉയർന്ന മേഖലകളിലെ ഭീഷണികളും ഫലപ്രദമായി നേരിടാൻ രാജ്യത്തിന് ആകും.
56 സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകളാണ് വ്യോമസേന സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനായി കഴിഞ്ഞ സെപ്തംബറിലാണ് സ്‌പെയിനിലെ എയർബസ് ഡിഫൻസ് ആന്റ് സ്‌പേസുമായി പ്രതിരോധമന്ത്രാലയം കരാറിൽ ഏർപ്പെട്ടത്. ഇതിൽ 16 എണ്ണം 48 മാസത്തിനുള്ളിൽ വ്യോമസേനയ്‌ക്ക് കൈമാറും. 56 എണ്ണത്തിൽ 40 വിമാനങ്ങൾ എയർബസ് ഡിഫൻസ് ആന്റ് സ്‌പേസ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കും. 10 വർഷങ്ങൾക്കുള്ളിൽ 40 എണ്ണവും കൈമാറണമെന്നാണ് വ്യവസ്ഥ.
നിലവിലെ എവ്‌റോ – 748 വിമാനങ്ങൾക്ക് പകരമായാണ് സി-295 ട്രാൻസ്‌പോർട്ട് എയർ ക്രാഫ്റ്റുകൾ സ്വന്തമാക്കുന്നത്. ഒരേ സമയം 71 ഓളം ട്രൂപ്പുകളെ മാറ്റാമെന്നതാണ് സി-295 വിമാനങ്ങളുടെ മേന്മ.
അടുത്ത കാലത്തായി രാജ്യത്ത് ഡ്രോൺ വഴിയുള്ള നീക്കങ്ങൾ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ സെപ്തംബറിലാണ് ഡ്രോൺവേധ സാങ്കേതിക വിദ്യയ്‌ക്കായുള്ള കരാറിൽ വ്യോമസേന ഏർപ്പെട്ടത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ ടെക്‌നോളജീസുമായി ഒപ്പുവെച്ച കരാറിന് 155 കോടി രൂപയാണ് ചിലവ്.
















Comments