ചാലക്കുടി പുഴയെ പുൽകാനായി 24 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് രൗദ്രഭാവത്തിലാകുമെങ്കിലും സന്ദർശകർക്കെന്നും മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന സുന്ദരിയായ അതിരപ്പളളിയെ ചുറ്റി നിൽക്കുന്ന വാഴച്ചാൽ വനപ്രദേശം. വിനോദസഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം.
തൃശ്ശൂർ ജില്ലയിലെ ആതിരപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനാവും.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്നതും ഏറെ നയന മനോഹരവുമായ സ്ഥലമാണിവിടം. അതിരപ്പള്ളി ജലപാതത്തിന് ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ്. വൻമരങ്ങൾക്കൊപ്പം തന്നെ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടതത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം.
കാടർ, മലയർ തുടങ്ങിയ വനവാസി വിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ അധിവസിക്കുന്നു. അവർ തന്നെയാണ് ഈ കാടിന്റെ അധിപൻമാരും. ഇവയുടെ എല്ലാം നിലനിൽപിനെ തന്നെ ബാധിക്കുന്ന തരത്തിൽ ആതിരപ്പളിയിൽ അണക്കെട്ട് പണിയാൻ സംസ്ഥാന സർക്കാർ ആലോചന നടത്തിയിരുന്നു. പരിസ്ഥിതി സ്നേഹികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ എതിർപ്പുകളുയർന്നതോടെ ഭരണകൂടത്തിന് പിൻമാറേണ്ടിവരുന്നു.
ആതിരപ്പള്ളിയുടെ ആവാസ വ്യവസ്ഥിതിയിൽ വരുത്തുന്ന ഏതൊരുമാറ്റവും കേരളത്തിലെ സുഖരമായ കാലാവസ്ഥയെ അടക്കം തകിടം മറിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ആതിരപ്പള്ളിയ്ക്ക് ഏൽക്കുന്ന ഏതൊരു ആഘാതവും ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
Comments