ഞങ്ങളെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു ഗയ്‌സ്; ആരും വീടുതന്നില്ല; പരാതിയുമായി ഈ ബുൾജെറ്റ് വ്‌ളോഗർമാർ

Published by
Janam Web Desk

തിരുവനന്തപുരം : വാടക വീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ടെന്ന് പരാതിയുമായി ഇ-ബുൾജെറ്റ് വ്‌ളോഗർമാർ. യൂട്യൂബ് വീഡിയോയിലൂടെയാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും പുതിയ വീട് തരാൻ എല്ലാവരും വിസമ്മതിക്കുകയാണെന്നുമുള്ള പരാതിയുമായി വ്‌ളോഗർമാർ രംഗത്ത് എത്തിയത്. മോട്ടോർവാഹന വകുപ്പിന്റെ നടപടിയും ഇതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ഇതിന് കാരണമായതെന്നും ഇവർ ആരോപിക്കുന്നു.

പ്രശ്‌നങ്ങൾക്ക് പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങാൻ വീട്ടുടമ ആവശ്യപ്പെട്ടു. ആളുകളിൽ നിന്നും പരിഹാസമുൾപ്പെടെ കേൾക്കാറുണ്ട്. തങ്ങളെ അന്താരാഷ്‌ട്ര കുറ്റവാളികളായാണ് സമൂഹം കാണുന്നത്. വലിയ പ്രശ്‌നങ്ങളാണ് സമൂഹത്തിൽ നിന്നും നേരിടുന്നത്. ഇതിൽ മോട്ടോർ വാഹന വകുപ്പ്, ആർടിഒ, പോലീസ്, മാദ്ധ്യമങ്ങൾ എന്നിവരോട് കടപ്പാടുണ്ടെന്നും ഇവർ വീഡിയോയിൽ പറഞ്ഞു.

വാടക വീടിനായി കുറേ അലഞ്ഞു. ആരും വീടുതന്നില്ല. 12 ഓളം വീടുകൾ അന്വേഷിച്ചു. രാവിലെ വീട് തരാമെന്ന് പറയുന്നവർ വൈകീട്ടോടെ ഇത് മാറ്റിപ്പറയും. കാലാവധി കഴിയാതെയാണ് വീട്ടുടമ ഇറക്കിവിട്ടതെന്നും വ്‌ളോഗർമാർ ആരോപിച്ചു.

ഒരു വർഷത്തേക്കുള്ള കരാറിലാണ് വീട്ടുടമയുമായി ഒപ്പുവെച്ചത്. കാലാവധി കഴിയുന്നതിന് മുൻപ് ഇറക്കിവിട്ടതിനാൽ വീട്ടിലെ സാധനങ്ങൾ എല്ലാം അതേപടി ഇരിക്കുകയാണ്. മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട ശേഷമേ തങ്ങൾ വീട്ടിൽ നിന്നും ഇറങ്ങൂ. ഈ വീട്ടിൽ താമസമാക്കിയ ശേഷം പ്രശ്‌നങ്ങളാണ്. ഇവിടെ താമസം ആക്കിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായതെന്നും വ്‌ളോഗർമാർ വ്യക്തമാക്കി.

അതേസമയം ഊർജ്ജിതമായ തെരച്ചിലിന് ശേഷം പുതിയ വീട് ലഭിച്ചെന്നും, സാധനങ്ങൾ അങ്ങോട്ട് മാറ്റുമെന്നും ഇവർ പറയുന്നുണ്ട്. 45 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് വ്‌ളോഗർമാർ പങ്കുവെച്ചത്.

Share
Leave a Comment