കൊല്ലം: ഉത്ര വധക്കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവെയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാമ്പിനെ കൈകാര്യം ചെയ്യുന്ന സൂരജിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൂരജിന് പാമ്പിനെ നൽകിയ സുരേഷിനേയും വീഡിയോയിൽ കാണാം. ഉത്ര വധക്കേസിന്റെ വിധി നാളെ വരാനിരിക്കെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒന്നരവർഷം പഴക്കമുള്ള ദൃശ്യമാണിത്. പാമ്പിനെ കുറിച്ച് പഠിക്കുന്നതിന് ഇന്റർനെറ്റിൽ സൂരജ് നിരന്തരം തിരഞ്ഞിരുന്നു. ഇതുകൂടാതെ പാമ്പിനെ അടുത്തറിഞ്ഞുള്ള പരിശീലനവും സൂരജിന് ലഭിച്ചു എന്നാണ് ഈ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
സുരേഷിന് വേണ്ടി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ സുരേഷ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പ്രതി സൂരജിന് സുരേഷ് സാഹചര്യം വിവരിച്ച് നൽകുകയാണ് ചെയ്യുന്നത്. അണലിയെ പിടിക്കാൻ വേണ്ടിയാണ് തന്നെ വിളിച്ചുവരുത്തിയതെന്നും വരുമ്പോൾ ഒരു പാമ്പിനെ കൂടി കൊണ്ടുവരണമെന്ന് സൂരജ് നിർദ്ദേശിച്ചുവെന്നും സുരേഷ് പറയുന്നുണ്ട്. ഒരുപാട് ദിവസം കൊണ്ട് സൂരജ് തന്നെ വിളിക്കുന്നുണ്ട്. മൂർഖൻ പാമ്പിനെ കൊണ്ടുവരാനാണ് സൂരജ് പറഞ്ഞതെന്നും വീട്ടിൽ അമ്മയും ഭാര്യയും ഒക്കെയുള്ളതിനാൽ അത് താൻ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും സുരേഷ് വിവരിക്കുന്നു.
പാമ്പിനെ സൂരജിന് കൊടുക്കുകയല്ല, നാഗദൈവങ്ങളോട് അദ്ദേഹത്തിന് ആരാധനയുള്ളതിനാൽ വെറുതെ തൊട്ടുനോക്കുക മാത്രമാണ് ചെയ്യുന്നത്. ഇതുപ്രകാരമാണ് മൂർഖൻ പാമ്പിനേയും സൂരജിന് നൽകുന്നത്. സൂരജിന് പാമ്പിനെ കുറിച്ചുള്ള ബാധവത്കരണ ക്ലാസാണ് നൽകുന്നതെന്നും സുരേഷ് വിവരിക്കുന്നുണ്ട്. മൂന്ന് മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുണ്ട് വീഡിയോയ്‌ക്ക്. സൂരജിന്റെ അടൂരിലെ വീട്ടുമുറ്റത്ത് വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പിനെ സൂരജ് നിർഭയം കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ കാണാനാകും.
2020 മെയ് ഏഴിനാണ് ഉത്ര ഭത്തൃവീട്ടിൽ പാമ്പ് കടിയേറ്റ് മരിക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലാകുന്നത് പാമ്പുപിടുത്തക്കാരനായ സുരേഷാണ്. മെയ് 23നാണ് ഇത്. തൊട്ടു പിന്നാലെയാണ് സൂരജും അറസ്റ്റിലാകുന്നത്. കൊലപാതകത്തിനാണ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്ന് സുരേഷ് മൊഴി നൽകിയുന്നു. ഇയാളെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു. അതിനിടെ കേസിൽ നാളെ വിധി വരും. സൂരജ് കുറ്റക്കാരനാണെന്ന് കോടതി ശരിവെച്ചിരുന്നു. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് സൂരജ് കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചത്.
















Comments