കൊല്ലം: പ്രതിയുടെ പ്രായവും മുന്‍പ് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതും പരിഗണിച്ചാണ് ഉത്ര വധക്കേസിൽ സൂരജിനെ പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. വധശിക്ഷ നല്‍കണോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. സൂരജിന് അനുകൂലമായ ചില ഘടകങ്ങള്‍ ഉണ്ടായിരുന്നു. പ്രായവും, മുന്‍പ് കുറ്റകൃത്യം ചെയ്തിട്ടില്ലാത്തതുമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ രക്ഷയായത്. ക്രൂരവും പൈശാചികവുമാണെങ്കില്‍ പോലും പ്രതിയുടെ പ്രായവും കോടതി പരിഗണിച്ചു. ഇത് അനുകൂല ഘടകമായി. 17 വര്‍ഷത്തിന് ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത് എന്നതിനാല്‍ ജീവിതാവസാനം വരെ പ്രതി ജയിലിനുള്ളില്‍ കഴിയേണ്ടി വരും. പിഴത്തുകയായ അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നല്‍കണമെന്നും മോഹന്‍രാജ് വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് പരമാവധി ശിക്ഷയായ ജീവപര്യന്തവും, വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതക ശ്രമത്തിന് പരമാവധി ശിക്ഷയായ 10 വര്‍ഷവും തെളിവ് നശിപ്പിക്കലിന് പരമാവധി ശിക്ഷയായ 7 ഏഴ് വര്‍ഷം തടവും ലഭിച്ചിട്ടുണ്ട്. 302ാം വകുപ്പ് പ്രകാരം മാത്രമാണ് പരമാവധി ശിക്ഷ ലഭിക്കാത്തത്. 17 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കൂ. വിധിയില്‍ തൃപ്തരാണെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ചാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
















Comments