ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി. അടുത്ത അക്കാദമിക വർഷം മുതൽ ഇത് പ്രാബല്യത്തിലാകും. യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുതാര്യമായ നടത്തിപ്പിനായി സിലബസ് കമ്മറ്റിയും അഫിലിയേഷൻ കമ്മറ്റിയും പരീക്ഷാ കമ്മറ്റിയും റിസൾട്ട് കമ്മറ്റിയും രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. 16,000 മദ്രസകളാണ് യുപിയിൽ ഉളളത്.
നിലവിൽ ഈ വിഷയങ്ങൾ മദ്രസ വിദ്യാർത്ഥികൾക്ക് ഓപ്ഷണലാണ്. എന്നാൽ അടുത്ത വർഷത്തോടെ വിഷയങ്ങൾ നിർബന്ധമായി പഠിപ്പിക്കേണ്ടി വരും. സീനിയർ സെക്കൻഡറി ക്ലാസ് വരെ ഇത് പാലിക്കണം. എൻസിഇആർടി സിലബസ് പിന്തുടരുന്ന പുസ്തകങ്ങളാണ് പഠിപ്പിക്കേണ്ടത്.
ഇന്നത്തെ കാലത്തിന് അനുസരിച്ചുളള അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇത്തരം മോഡേൺ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് മദ്രസകളിൽ നിന്ന് ആവശ്യമുയർന്നിരുന്നതായി മദ്രസ എഡ്യുക്കേഷൻ ബോർഡ് രജിസ്ട്രാർ ആർ.പി സിംഗ് പറഞ്ഞു. പുതിയ നിർദ്ദേശം അനുസരിച്ച് തുടക്കം മുതൽ സീനിയർ സെക്കൻഡറി തലം വരെയുളള കുട്ടികൾ സിബിഎസ് ഇ രീതിയിൽ വിഷയങ്ങൾ പഠിക്കേണ്ടതായി വരുമെന്നും ആർപി സിംഗ് കൂട്ടിച്ചേർത്തു.
മദ്രസകളുമായി ബന്ധപ്പെട്ടതും കുട്ടികളുടെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യാനും പാസ്‌പോർട്ട് വേരിഫിക്കേഷനും ഉൾപ്പെടെയുളള ഡിജിറ്റൽ ജോലികൾക്കായി ഒരു ഐടി സെൽ മദ്രസ ബോർഡിന് കീഴിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. 2017 ൽ തന്നെ എൻസിഇആർടി സിലബസിലുളള ഉറുദു പുസ്തകങ്ങൾ മദ്രസകളിൽ പാഠ്യവിഷയമാക്കാൻ തീരുമാനമെടുത്തിരുന്നു. 2018-19 മുതൽ സിലബസ് പരിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു.
Comments