ചെറുപ്രായത്തിൽ തന്നെ അത്യധികം ക്രൂരമായ രീതിയിൽ ആസൂത്രിതവും വിചിത്രവുമായ കൊലപാതകം നടപ്പിലാക്കിയ പ്രതി.. നിർണായകമായ ഡമ്മി പരീക്ഷണങ്ങളിലൂടെ ആ കൊലപാതകം വ്യക്തമായി തെളിയിച്ച് അന്വേഷണ സംഘം.. എന്നിട്ടും പ്രായത്തിന്റെ ആനുകൂല്യത്താലും ക്രിമിനൽ പശ്ചാത്തലമില്ലെന്നതിനാലും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ സൂരജിന് ലഭിച്ചില്ല.. പ്രതിക്ക് മാനസിക പരിവർത്തനമുണ്ടാകാൻ സാഹചര്യമുണ്ടെന്ന് കോടതിയുടെ നിരീക്ഷണം.. പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നൊടുക്കിയ, തന്റെ കുഞ്ഞിന്റെ അമ്മയെ ഇല്ലാതാക്കിയ സൂരജിന് ലഭിച്ച ശിക്ഷാവിധി ശിഷ്ടകാലം ജയിൽ ജീവിതം..
അപൂർവങ്ങളിൽ അപൂർവം.. അസാധാരണങ്ങളിൽ അസാധാരണം എന്നെല്ലാം വിശേഷിപ്പിച്ച കേസ്.. കേരളത്തോടൊപ്പം രാജ്യം മുഴുവൻ ഉറ്റുനോക്കിയ ശിക്ഷാവിധി.. സൂരജിന് തൂക്കുകയറിൽ കുറഞ്ഞതൊന്നും പൊതുസമൂഹം പ്രതീക്ഷിച്ചിരുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.. എന്നാൽ വിചാരണ കോടതിയുടെ വിധിയനുസരിച്ച് തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് പത്ത് വർഷവും തടവ്.. ഇപ്പറഞ്ഞ 17 വർഷത്തിന് പുറമെ, കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ട ജീവപര്യന്തം.. സൂരജിന് പുറംലോകം കാണാൻ കഴിയില്ലെന്നത് വ്യക്തം.. കൂടാതെ, കൊലപാതക ശ്രമത്തിന് 50,000 രൂപയും വിഷവസ്തു ഉപയോഗിച്ചതിന് 25,000 രൂപയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 10,000 രൂപയും പിഴ.. പിഴത്തുക കുഞ്ഞിന് നൽകുകയും വേണമെന്ന് കോടതിയുടെ നിർദേശം..
ശിക്ഷാവിധി ഇപ്രകാരമൊക്കെയെങ്കിലും വിധിയിൽ തൃപ്തിയില്ലെന്നും നീതി കിട്ടിയില്ലെന്നുമാണ് ഉത്രയുടെ അമ്മ പ്രതികരിച്ചത്. പൊതുസമൂഹത്തിനൊപ്പം അവരും പ്രതീക്ഷിച്ചത് സൂരജിന് വധശിക്ഷയാണ്. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും അവർ വ്യക്തമാക്കി.. അതേസമയം കൊലപാതകത്തിനൊഴികെ മറ്റെല്ലാ കുറ്റങ്ങൾക്കും പരമാവധി ശിക്ഷ ലഭിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പ്രതികരണം..
പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും വധശിക്ഷ ഒഴിവാകാൻ കാരണമായി എന്നറിയുമ്പോഴും പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് എതിരായി ഉപയോഗിക്കണമെന്നായിരുന്നു ഒരു പക്ഷം.. പ്രതി ചെറുപ്രായത്തിൽ പോലും ഇത്രമാത്രം ഭീകരമായൊരു കുറ്റം ചെയ്തുവെങ്കിൽ അയാൾ ഈ സമൂഹത്തിൽ തുടരുന്നത് അപകടകരമാണെന്ന് വിശ്വസിക്കുന്നവരാണ് ഒരു വിഭാഗം. സംസ്ഥാന സർക്കാർ ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകണമെന്നാണ് അഭിഭാകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ ടി. ആസിഫലി അഭിപ്രായപ്പെട്ടത്. എന്നാൽ ശിക്ഷാവിധി കോടതിയുടെ വിവേചനാധികാരമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ഹരിശങ്കർ പറഞ്ഞു.
ഒരു വർഷം നീണ്ട വിചാരണക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞ് ശിക്ഷാവിധി പുറത്തുവരുമ്പോൾ സ്ത്രീധനമെന്ന ദുരാചാരത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്രയ്‌ക്ക് നീതി ലഭിച്ചോയെന്ന ചോദ്യം തുടരുകാണ്.. ഇനിയും ഉത്രമാർ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുമ്പോഴും സൂരജിന് ലഭിച്ച ശിഷ്ടകാല ജയിൽ ജീവിതം മാത്രമല്ല സ്ത്രീധനത്തിനെതിരെ ഓരോ മാതാപിതാക്കളും സ്വീകരിക്കേണ്ട ശക്തമായ നിലപാടും പ്രസക്തമാവുകയാണ്..















Comments