ധാക്ക : ബംഗ്ലാദേശിൽ ദുർഗാ പൂജയ്‌ക്കിടെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ മതമൗലിക സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി. വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ബംഗ്ലാദേശിലെയും, ഇന്ത്യയിലെയും നയതന്ത്രജ്ഞരിൽ നിന്നും ലഭിക്കുന്ന വിവരം. ചന്ദ്പൂരിലെ ഹജിഗഞ്ജ് ഉപസിലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
താലിബാൻ അനുകൂല മനോഭാവമുള്ള സംഘടനയാണ് ജമാഅത്ത് ഇ ഇസ്ലാമി. നിലവിലെ ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ ഇവർ ദുർഗാപൂജയെ ഇതിനുളള അവസരമായി ഉപയോഗിക്കുകയായിരുന്നു. പൂജയ്‌ക്കിടെ ആക്രമണം നടത്തി വർഗ്ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും നയതന്ത്രജ്ഞർ വ്യക്തമാക്കി.
ദേവീ വിഗ്രഹത്തിന്റെ പാദത്തിന് അരികിലായി ഖുർആൻ വച്ചുവെന്ന് ആരോപിച്ചാണ് അക്രമികൾ കലാപം അഴിച്ചുവിട്ടത്. ഈ വാർത്ത രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് കാട്ടുതീ പോലെ പടർന്നു. ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 3000 പന്തലുകളാണ് ഒരുക്കിയിരുന്നത്. വാർത്ത പ്രചരിച്ചതോടെ ഇവിടങ്ങളിലും അക്രമം ഉണ്ടായി.
സാധാരണ സംഭവമെന്ന രീതിയിലാണ് പോലീസുകാർ അക്രമങ്ങളെ ആദ്യം സമീപിച്ചത്. എന്നാൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇടപെട്ടതോടെ സംഘർഷ മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വെള്ളിയാഴ്ചവരെ ഇത് തുടരുമെന്നും നയതന്ത്രജ്ഞർ അറിയിച്ചു.
Comments