ന്യൂഡൽഹി : രാജിക്കത്ത് സമർപ്പിച്ച നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി സിദ്ധുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ഹൈക്കമാന്റ് നടപടി സ്വീകരിക്കുമെന്നും റാവത്ത് പറഞ്ഞു.
പഞ്ചാബിനെയും കോൺഗ്രസിനെയും കുറിച്ചുളള തന്റെ ആശങ്ക ഹൈക്കമാന്റിനെ അറിയിച്ചതായി സിദ്ധു പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ, പ്രിയങ്ക വാദ്ര, രാഹുൽ ഗാന്ധി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റെ പഞ്ചാബിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയായിരിക്കും. താൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സിദ്ധു പറഞ്ഞു.
സിദ്ധുവിന്റെ ആവശ്യമനുസരിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെ സിദ്ധുവിന്റെ വിശ്വസ്തനായ ചരൺജീത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സിദ്ധു രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. സിദ്ധുവിനെ പിണക്കിക്കൊണ്ട് പഞ്ചാബിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് അദ്ധ്യക്ഷ സ്ഥാനം തിരികെ നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷയുടെ തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് സിദ്ധു തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അദ്ധ്യക്ഷനായി തുടരുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റാവത്ത് വ്യക്തമാക്കി.
















Comments