തിരുവനന്തപുരം: നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന വിമർശനം ഉയർന്നതിന് പിന്നാലെ ഏറെ നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നാണ് അൻവറുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഫേസ്ബുക്കിലൂടെ അൻവർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ‘ഐ ആം ബാക്ക്’ എന്ന തലക്കെട്ടോടെ അണികൾക്കൊപ്പമുള്ള കാറിന്റെ ചിത്രമാണ് അൻവർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അൻവറിന്റെ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ഈ പ്രാവശ്യം പരിവാരങ്ങൾ ഒന്നുമില്ലേ..കാശുകൊടുത്താൽ ബംഗാളികളെ കിട്ടും’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘പ്രതിഷേധം ഭയന്ന് തിരിച്ചെത്തിയല്ലേ’, ‘നിലമ്പൂരിലെ ജനങ്ങളുടെ ഒരു ഗതികേട്’, ‘ഇങ്ങനെ ഒക്കെ വരാൻ ഇഞ്ഞെന്താ അതിർത്തിയിൽ യുദ്ധത്തിന് പോയതാണോ.. നാട്ടിലുള്ള നിയമം തെറ്റിച്ച ബിസിനസൊക്കെ തകർന്നപ്പൊ മോങ്ങിക്കോണ്ട് ആഫ്രിക്കയിൽ പൊന്ന് കുഴിച്ചെടുക്കാൻ പോയതല്ലെ’, ‘സതീശന് ലെറ്റർ കൊടുത്തിട്ട് ക്ലാസിൽ കയറിയാൽ മതി’.. എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കിൽ പണി മതിയാക്കി പോകാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 15-ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നൽകിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.
അവധി അപേക്ഷ നൽകാതെയാണ് അൻവർ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരാവകാശ രേഖകളിൽ പറഞ്ഞിരുന്നത്. നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നി നിയമസഭാ സമിതികളിലും പി.വി അൻവർ അംഗമാണ്. തെരഞ്ഞെടുപ്പിന് മുൻപും മണ്ഡലത്തിൽ എംഎൽഎയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സമാനമായ രീതിയിൽ രണ്ട് മാസം എംഎൽഎയെ കാണാതാവുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്‌ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. സഭയുടെ അനുമതിയോടെ എംഎൽഎയ്‌ക്ക് അവധിയെടുക്കാം. എന്നാൽ അൻവർ അനുമതി വാങ്ങാത്തതിലും ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
















Comments