തിരുവനന്തപുരം: സഹകരണ സംഘം ഓണററി സെക്രട്ടറിയും ഭർത്താവും ചേർന്ന് കോടികളുടെ തിരിമറി നടത്തിയതായി ആക്ഷേപം. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻസ് സഹകരണ സംഘത്തിലാണ് ഒന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നത്. പലിശ നൽകാത്തതോടെ നിക്ഷേപങ്ങൾ പിൻവലിക്കാനൊരുങ്ങി നിക്ഷേപകർ രംഗത്തെത്തി. എന്നാൽ ഒരു വർഷമായിട്ടും പണം തിരികെ നൽകാത്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
സംഘം ഓണററി സെക്രട്ടറി ലേഖ പി നായരും ഭർത്താവ് കൃഷ്ണകുമാറുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ലേഖ പി നായർ തട്ടിപ്പ് നടത്തിയെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത തുക ഓണററി സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്നാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി കുമാർ 12 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പണം ലഭിക്കാത്തതോടെ പരാതിയുമായി ഫോർട്ട് പോലീസിനെ സമീപിച്ചു. ഇതോടെ മൂന്ന് ലക്ഷം രൂപ നൽകി തൽക്കാലം പരാതി ഒതുക്കി. എന്നാൽ ബാക്കി ഒമ്പത് ലക്ഷം രൂപ എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാർത്ഥമുള്ള പണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുമാർ.
പണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് കുമാർ പറയുന്നു. സഹകരണസംഘത്തിന്റെ ഓഫീസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഒരു വർഷമായി കെട്ടിട ഉടമ സന്തോഷിന് വാടക നൽകിയിട്ടില്ല. കൂടാതെ നിക്ഷേപത്തുകയും നൽകാനുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ നൽകാനുണ്ടെന്ന് സന്തോഷ് പറയുന്നു. ഓണററി സെക്രട്ടറിയായിരുന്ന ലേഖ ജീവനക്കാരി എന്ന നിലയിൽ ഒന്നര ലക്ഷത്തോളം രൂപ ശമ്പള ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
















Comments