പനാജി: പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ പ്രസംഗം തിരിച്ചടിയാവുന്നു. കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ ഗോവയിൽ ജയിക്കണമെന്നാണ് ചിദംബരം പറഞ്ഞത്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ പാർട്ടിയുടെ ചുമതല ചിദംബരത്തിനാണ്. പാർട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്ത ചിദംബരം പ്രവർത്തകരെ ആവേശം കൊളളിക്കാനാണ് ഇങ്ങനെ പ്രസംഗിച്ചത്. എന്നാൽ ചിദംബരത്തിന്റെ പ്രസംഗം പ്രവർത്തകരിൽ ആവേശമുണ്ടാകുന്നതിനു പകരം നിരാശയാണ് നൽകിയത്.
ചിദംബരത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കും. 2007ൽ ഗോവയിൽ കോൺഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു.
2012ൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. പിന്നാലെ 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2017ൽ ഗോവയിൽ വീണ്ടും പരാജയപ്പെട്ടു, 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടു. 2022ൽ ഗോവയിൽ ജയിച്ചാൽ 2024ൽ കേന്ദ്രത്തിൽ കോൺഗ്രിന് ഭരണം പിടിക്കാനാവുമെന്നും ചിദംബരം വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന ഗോവയിലെ കോൺഗ്രസ് നേതാക്കളോ, പ്രവർത്തകരോ പ്രതീക്ഷിക്കുന്നില്ല. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും കാരണം പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് അനിശ്ചിതത്വത്തിലാണ്. ഗോവ മുൻമുഖ്യമന്ത്രി ലുസീഞ്ഞോ ഫെലേറോ ഉൾപ്പെടെയുളളവർ പാർട്ടി വിട്ടുപോയി.
പാർട്ടിയെ മുന്നോട്ട് നയിക്കാൻ കരുത്തുറ്റ സംസ്ഥാന നേതൃത്വവുമില്ല. പിന്നെ എങ്ങനെ ജയിക്കുമെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. സംസ്ഥാനത്തെ 40 അംഗ നിയമസഭയിൽ നിലവിൽ കോൺഗ്രസിന് നാല് എംഎൽഎമാരാണുള്ളത്.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് ഇതുവരെ പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. കോൺഗ്രസിന്റെ സീറ്റ് രണ്ടക്കം കടക്കില്ലെന്നും സർവ്വേകൾ അടിവരയിടുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന. 2024 ലോകസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന സന്ദേശമാണ് ചിദംബരം നൽകുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം.
Comments